വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും നേതൃപാടവമാണെന്ന് വ്യക്തം. മോദിയുടെ കൂറ്റന്‍ ബഹുജനറാലികളെയും ചാട്ടുളി പോലുള്ള വാക്ചാതുരിയെയും കൂടിവരുന്ന ജനപ്രീതിയേയും ആര്‍എസ്എസിന്റെ സംഘടനാശേഷിയെയും രാഹുല്‍ ഗാന്ധി നേരിടുന്നത് തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയതന്ത്രത്തിലൂടെയാണ്. ജോഡോ യാത്രകള്‍ എന്നറിയപ്പെടുന്ന ഈ ഔട്ട്റീച്ച് പ്രോഗ്രാമുകൾ ജനങ്ങളോട് കൂടുതല്‍ അടുത്ത് നിന്ന് സംവദിക്കാന്‍ കഴിയുന്ന ഒന്നാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
2022 സെപ്തംബര്‍ മുതല്‍ 2023 ജനുവരി വരെ കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയായിരുന്നു ഇത്തരത്തിൽ ആദ്യത്തേത്. കഴിഞ്ഞ ജനുവരി 24 ന് മണിപ്പൂരില്‍ നിന്ന് തുടങ്ങി ഈ മാസം മുംബൈയിലവസാനിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ യാത്രകൾ നിര്‍ണ്ണായകമായ രാഷ്ട്രീയകാര്യപരിപാടിയാണ്. പദയാത്രയിലൂടെ ഇന്ത്യയെ തൊട്ടറിയുക എന്ന രാഹുലിന്റെ ആശയം മികച്ചതാണെങ്കിലും നരേന്ദ്രമോദിയുടെ അതിമാനുഷ പ്രതിച്ഛായയെ കവച്ചുവയ്കാന് ഇത് മതിയാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ടു വയ്ക്കുന്ന ചോദ്യം.
ഒരേ സമയം രാഷ്ട്രീയനേതാവും സാംസ്കാരിക നേതാവും എന്തിന് മതനേതാവുപോലുമാകുന്ന രൂപപരിണാമമാണ് നരേന്ദ്രമോദിയുടേത്. നൂറ് വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് എന്ന സംഘടനയുടെ പ്രചാരക് ആണ് അദ്ദേഹം. ആ സംഘടനക്കാകട്ടെ രാജ്യത്തെ ഓരോ ഗ്രാമത്തിലും ശക്തമായ വേരുകളുണ്ട്. പലപ്പോഴും തെരെഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപിക്ക് വേണ്ടി ഇന്ത്യ മുഴുവനും ഇറങ്ങി പ്രവർത്തിക്കുന്നത് ആര്‍എസ്എസിന്റെ വളണ്ടിയര്‍മാരാണ്. അവരാകട്ടെ ഭൂരിഭാഗവും മുഴുവൻ സമയ പ്രവര്‍ത്തകരുമാണ്. സംഘ പരിവാരത്തിൽ നിന്നുളളയാള്‍ പ്രധാനമന്ത്രിയാകാന്‍ ആ കുടുംബത്തിന്റെ എല്ലാ ഘടകങ്ങളും ഒരോ തെരെഞ്ഞെടുപ്പിലും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ പ്രധാനമന്ത്രി മുഖ്യപരികർമ്മിയായി പങ്കെടുത്തതിലൂടെ വ്യക്തമായ സന്ദേശമാണ് ബിജെപിയും മോദിയും ഇന്ത്യക്ക് നല്‍കിയത്. തങ്ങളുടെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വ വിട്ട് ഒരു രാഷ്ട്രീയപരിപാടിയും ഇല്ല എന്ന മെസ്സേജ് ആയിരുന്നു അത്.
ഇത് കോണ്‍ഗ്രസ് നേരിടുന്ന വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ്. ആശയപരമായി മോദിയെയും ബിജെപിയെയും എതിര്‍ത്തു നില്ക്കാന് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും കഴിയുമെങ്കിലും സംഘടനാപരമായി ഇന്ത്യയിലെ പല സംസ്ഥാനത്തും കോണ്‍ഗ്രസ് ദുര്‍ബലമാണ്. പ്രത്യേകിച്ച് ഹിന്ദിഹൃദയഭൂമി എന്നറിയപ്പെടുന്ന ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവടങ്ങളില്‍. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ 150 നടുത്ത് ലോക്സഭാ സീറ്റുകളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാന്‍ കഴിയുക പരമാവധി 20 എണ്ണം മാത്രമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യാമുന്നണിക്ക് മൊത്തത്തിൽ 150ന്റെ പകുതിയെങ്കിലും കിട്ടിയാല്‍ മാത്രമെ അത് ബിജെപിക്ക് വലിയ ഭീഷണി ആവുന്നുള്ളൂ. ഉത്തര്‍പ്രദേശിലും ബീഹാറിലും നിര്‍ണ്ണായകമായ മുസ്ലിം ന്യുനപക്ഷത്തിന്റെ പിന്തുണ ബാബറിമസ്ജിദ് പൊളിച്ചതിനു ശേഷം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു എന്ന യഥാര്‍ത്ഥ്യവും ഉണ്ട്. ബീഹാറിലെ രാഷ്ട്രീയജനതാദളും യുപിയിലെ സമാജ് വാദി പാര്‍ട്ടിയും എക്കാലവും ബിജെപിയുടെ എതിര്പക്ഷത്താണെന്നതാണ് കോണ്‍ഗ്രസിന്റെ ഏക ആശ്വാസം.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ അല്ലാതെ മറ്റൊരു നേതാവിനെ മുന്നോട്ടുവയ്കുന്ന കാര്യം തൽക്കാലം ആലോചിക്കാന്‍ പോലും കഴിയില്ല. മോദിയെ നേരിടാന്‍ രാഹുല്‍ പ്രാപ്തനാകും വരെ കാത്തിരിക്കുക എന്നതല്ലാതെ മറ്റൊന്നും ഈ പാര്‍ട്ടിക്ക് മുന്നിലില്ലെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രഹസ്യമായി പറഞ്ഞത്. മോദി v/s രാഹുല്‍ എത്ര കണ്ട് ഫലപ്രദമാകുമെന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ മാത്രമല്ല ഈ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷമുന്നണിയുടെ ആകെ ഭാവി. ബിജെപിയാണെങ്കില്‍ പുറമേ രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ടെങ്കിലും അകമേ വലിയ ജാഗ്രതയോടെ തന്നെയാണ് കോണ്‍ഗ്രസിനെയും ഇന്ത്യാമുന്നണിയെയും നേരിടുന്നത്.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായും ഡല്‍ഹിയില്‍ എഎപിയുമായും കോണ്‍ഗ്രസ് വലിയ പ്രശ്നങ്ങളില്ലാതെ സീറ്റ് വിഭജനം നടത്തിയത് ബിജെപിയെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായ കാര്യമല്ലെന്ന് അവര്‍ മനസിലാക്കുന്നുണ്ട്. ഡല്‍ഹിയില്‍ മൂന്ന് സീറ്റിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. നാല്സീറ്റുകള്‍ എഎപിക്ക് വിട്ടുകൊടുത്തു. ഒരു കാലത്ത് കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന കുത്തകസീറ്റുകള് പോലും എഎപിക്ക് വിട്ടുകൊടുക്കാന്‍ ആ പാര്‍ട്ടിക്ക് മടിയുണ്ടായില്ല. ഇത് കാണിക്കുന്നത് ബിജെപിക്കെതിരെ എത്ര വിട്ടുവീഴ്ച വേണമെങ്കിലും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് തന്നെയാണ്. മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറേ വിഭാഗവുമായും എന്‍സിപി ശരത്പവാര്‍ വിഭാഗവുമായും ചേര്‍ന്ന് മല്‍സരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം.
അപ്പോഴും ഒരു ചോദ്യം മാത്രം ബാക്കി നില്ക്കുന്നു… നരേന്ദ്രമോദി എന്ന അതികായൻ നേതൃത്വം നൽകുന്ന ബിജെപിക്കെതിരെ ഇത് മതിയാകുമോ? കോണ്‍ഗ്രസിനെയും മറ്റു പാര്‍ട്ടികളെയും ഒക്കെ ആശങ്കയിലാഴ്ത്തുന്ന ചോദ്യമാണിത്. മോദിയെ പോലെ ഒരു ദേശീയനേതാവായി മാറാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ടോ? അതോ ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയും പോലെ മോദി വര്‍ഷങ്ങള്‍ക്ക് മുമ്പെ പാസായ പരീക്ഷ രാഹുല്‍ ഇപ്പോള്‍ എഴുതിത്തുടങ്ങുന്നേയുള്ളോ? ഇതിന് ഉത്തരം നല്‍കേണ്ടത് 2024 തെരെഞ്ഞെടുപ്പ് ഫലമാണ്.