ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിലേക്ക് മാറ്റിയതായി സൂചന. നേരത്തെ ജൂൺ 8ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നും എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ശുഭ മുഹൂർത്തത്തിനായാണ് തീയതി മാറ്റിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ തുടങ്ങിയ ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽവച്ച് ചടങ്ങ് നടത്താനുള്ള സാധ്യതയും ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്. എൻഡിഎ സഖ്യത്തിലെ നിർണായക കക്ഷിയായ ടിഡിപിയുടെ ആന്ധ്രാപ്രദേശിലെ സത്യപ്രതിജ്ഞാച്ചടങ്ങ് ജൂൺ 12ലേക്കും മാറ്റിയിട്ടുണ്ട്. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരക്കിട്ട് അമരാവതിയിലേക്ക് മടങ്ങാൻ ചന്ദ്രബാബു നായിഡുവിന് ആകാത്തതിനാലാണ് തീയതി നീട്ടുന്നതെന്ന് ടിഡിപി വക്താവ് കെ. പട്ടാഭിരാം പറഞ്ഞു.