ഗാന്ധിനഗർ : 2002ൽ ഗുജറാത്തിലെ കലാപകാരികളെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പാഠം പഠിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിൽ ഇനിയൊരു കലാപം നടത്താൻ ആരും ധൈര്യപ്പെടില്ലെന്നും സാനന്ദിൽ വികസിത് ഭാരത് സങ്കൽപ് യാത്രയിൽ അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും ശ്രീരാമന് ക്ഷേത്രം പണിതതും മോദിയുടെ കരുത്താണ് കാണിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
”2002ൽ കലാപമുണ്ടായപ്പോൾ ഇനി ആവർത്തിക്കാത്ത വിധം മോദി സാഹിബ് അവർ പാഠം പഠിപ്പിച്ചു. അതിന് ശേഷം അവിടെ കലാപമുണ്ടായോ? അതിന് ശേഷം ഗുജറാത്തിൽ ഒരു കലാപം നടത്താൻ ആരും ധൈര്യപ്പെടാത്ത തരത്തിലാണ് അന്ന് മോദി പാഠം പഠിപ്പിച്ചത്”-അമിത് ഷാ പറഞ്ഞു.
മുമ്പ് നമ്മുടെ രാജ്യത്ത് നിരവധി സ്ഫോടനങ്ങളുണ്ടാകാറുണ്ടായിരുന്നു. ഒന്ന് അവസാനിക്കുമ്പോൾ മറ്റൊന്ന് എന്ന തരത്തിൽ മാധ്യമപ്രവർത്തകർ അച്ചടിക്കാൻ പോലും മറന്നുപോകുന്നതരത്തിൽ സ്ഫോടനങ്ങൾ നടക്കാറുണ്ടായിരുന്നു. സർജിക്കൽ സ്ട്രൈക്കിലൂടെ പാകിസ്താനെ പാഠം പഠിപ്പിച്ചതോടെ സ്ഫോടനങ്ങൾ അവസാനിച്ചു. മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു.