ന്യൂഡൽഹി: പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന് വേണ്ടിയുള്ള വിശപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ലോക്സഭയിൽ മറുപടി പറയുകയായിരുന്നു മോദി.
‘രാജ്യത്തെ ജനങ്ങൾ എന്ത് വിശ്വാസത്തിൽ പ്രതിപക്ഷത്തെ സഭയിലേക്ക് അയച്ചോ അവരോടും വിശ്വാസ വഞ്ചന കാണിച്ചു. രാജ്യത്തെക്കാളും പ്രധാനം മുന്നണി ആണെന്ന് പ്രതിപക്ഷം തെളിയിച്ചു’.പ്രധാനമന്ത്രി പറഞ്ഞു. അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷം നോബോൾ എറിയുമ്പോൾ സർക്കാർ സെഞ്ച്വറി അടിക്കുന്നു. കുറച്ച് മുന്നൊരുക്കം എന്ത് കൊണ്ട് പ്രതിപക്ഷം നടത്തിയില്ല ? യുവാക്കളുടെ ഭാവിയല്ല, രാഷ്ട്രീയ ഭാവിയാണ് നിങ്ങൾക്ക് പ്രധാനം. അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷം ചർച്ചയിൽ പങ്കെടുത്ത രീതി ശരിയെല്ലെന്നും മോദി വിമർശിച്ചു.
‘രാജ്യത്തെ ജനങ്ങൾ ആവർത്തിച്ച് നൽകിയ വിശ്വാസത്തിൽ നന്ദിയുണ്ട്. പ്രതിപക്ഷം അവിശ്വാസ പ്രമേയം ആയി കൊണ്ട് വന്നത് ദൈവ നിശ്ചയമാണ്.2018ലും ഇത് തന്നെ സംഭവിച്ചു. ജനങ്ങൾ പോലും പ്രതിപക്ഷത്തിൽ അവിശ്വാസം രേഖപ്പെടുത്തി.തെരഞ്ഞെടുപ്പിൽ എൻഡിഎക്കും ബിജെപിക്കും സീറ്റുകൾ വർധിച്ചു. പ്രതിപക്ഷത്തിന്റെ ഒപ്പമുള്ള വോട്ട് പോലും അവർക്ക് സമാഹരിക്കാൻ കഴിഞ്ഞില്ല. 2024 ൽ എല്ലാ റെക്കോർഡും ഭേദിച്ച് ബിജെപിയും എൻഡിഎയും വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രതിപക്ഷം അംഗീകരിച്ചു’. പ്രധാനമന്ത്രി പറഞ്ഞു.
മൽസ്യ ബന്ധന തൊഴിലാളികൾക്ക് വേണ്ടി ബിൽ കൊണ്ടുവന്നു. അതിൽ ഏറ്റവും ഗുണം ലഭിക്കേണ്ടത് കേരളത്തിനായിരുന്നു. അതുപോലും മുന്നോട്ട് കൊണ്ട് പോകാൻ തയ്യാറായില്ല. ഇത് സർക്കാരിനുള്ള പരീക്ഷണമല്ല. പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്നും മോദി പറഞ്ഞു. ഗൗരവ് ഗോഗോയി നൽകിയ അവിശ്വാസ പ്രമേയത്തിന്മേല് 12 മണിക്കൂർ ആണ് ചർച്ച നടന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ‘ഇൻഡ്യ’ മുന്നണിയുടെ ചർച്ചയിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി.
രണ്ടാം ദിനം ആക്രമണത്തിന് നേതൃത്വം നൽകിയത് ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടിയ രാഹുൽ ഗാന്ധിയായിരുന്നു. മണിപ്പൂരിനും ഹരിയാനയ്ക്കും പുറമെ വിലക്കയറ്റം, തൊഴിലില്ലായ്മ, മോദി അദാനി കൂട്ടുകെട്ട്, ചൈനീസ് കടന്നുകയറ്റം, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം അവിശ്വാസ പ്രമേയ ചർച്ചയിൽ ഉയർത്തിക്കൊണ്ട് വന്നു. ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞും പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ചും ആണ് ബിജെപി ഇതിനെ പ്രതിരോധിച്ചത്. മണിപ്പൂർ വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്നലെ സഭയിൽ വിശദീകരിച്ചു.