സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി അത്യന്തം മൂര്‍ച്ചയേറിയ ആയുധമാണ് തൊടുത്തുവിട്ടത്. ഇന്ത്യയില്‍ ഒരു സെക്യുലര്‍ സിവില്‍ നിയമം വേണമെന്നതായിരുന്നു അത്. പൊതുസിവില്‍ നിയമം അഥവാ കോമണ്സിവില്കോഡ് എന്നതിന് പകരം സെക്യുലര്‍ സിവില്‍കോഡ് എന്നാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. ഇതോടെ പ്രതിപക്ഷവും കോമണ്സിവില്കോഡിനെ എതിര്‍ക്കുന്നവരും ശരിക്കും വെട്ടിലാവുകയാണുണ്ടായത്.ഇപ്പോളുള്ള സിവില്‍കോഡ് വര്‍ഗീയമാണെന്നും അതിനെ സെക്യുലറാക്കണമെന്നും പ്രധാനമന്ത്രി പറയുമ്പോള്‍ സെക്യുലര്‍ സിവില്‍കോഡ് വേണ്ടാ വര്‍ഗീയ സിവില്‍കോഡ് തന്നെ നിലനില്‍ക്കണം എന്ന് മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും, ഡിഎംകെയുമൊക്കെ എങ്ങിനെ പറയും എന്നതാണ് പ്രശ്നം.
വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തെ വല്ലാത്ത പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാണ് മോദിയുടെ സെക്യുലര്‍ സിവില്‍ കോഡ് എന്ന ആശയം.ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ ഇന്ത്യക്കൊരു ഏകീകൃത സിവില്‍ നിയമം വേണമെന്ന് സൂചിപ്പിക്കുന്നുണ്ട്. എ്ന്നാല്‍ നിര്‍ദേശക തത്വങ്ങളില്‍ പറയുന്നത് മൗലികാവകാശങ്ങൾ പോലെ നിര്‍ബന്ധമാക്കാന്‍ കഴിയുന്നതല്ല. വിപുലമായ ചര്‍ച്ചകള്‍ നടത്തി വിവിധ വിഭാഗങ്ങളുടെ പ്രതികരണങ്ങളും, വിമര്‍ശനങ്ങളും മനസിലാക്കിക്കൊണ്ടുമാത്രമേ ഇത്തരത്തിലൊരു നിയമം കൊണ്ടുവരാന്‍ സാധാരണഗതിയില്‍ കഴിയു. എന്നാല്‍ ബിജെപിയും മോദിയും ഇവിടെ ഉദ്ദേശിക്കുന്നത് രാഷ്ട്രീയമായ മേല്‍ക്കൈയ്യാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രത്യയശാസ്ത്രത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ആ പാര്‍ട്ടിക്ക് ബദലായി നില്‍ക്കുന്നത് മതേതര കൂട്ടായ്മയാണെന്നുമുള്ള രാ്ഷ്ട്രീയ ചിന്തയെ അടിമുടി മാറ്റിമറിക്കുകയും സെക്യുലര്‍ എന്ന് അവകാശപ്പെടുന്ന പാര്‍ട്ടികളെ പ്രതിരോധത്തിലാക്കുകയും ചെയ്യുക എന്നതാണ് മതേതര സിവില്‍ കോഡ് എന്ന ആശയത്തിലൂടെ നരേന്ദ്രമോദി മുന്നോട്ടു വയ്കുന്നത്.
മതേതര സിവില്‍കോഡിനെ എന്തിന് മതേതര പാര്‍ട്ടികള്‍ എതിര്‍ക്കുന്നു എന്ന ചോദ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ഇതിന് മറുപടി പറയാന്‍ പ്രതിപക്ഷം ശരിക്കു വിഷമിക്കും. ഇത് തന്നെയാണ് മോദി ഉദ്ദേശിക്കുന്നതും. കോമണ്സിവില് കോഡ് നടപ്പാക്കുന്നുവെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ശക്തിയായി രംഗത്തുവരും. അതോടൊപ്പം മുസ്ളീങ്ങള്‍ അടക്കമുള്ള ന്യുനപക്ഷ വിഭാഗങ്ങളും അതിനെതിരെ പ്രതിരോധമുയര്‍ത്തും. എ്ന്നാല്‍ സെക്യുലര്‍ സിവില്‍ കോഡ് എന്ന് പറഞ്ഞാല്‍ അതിനെ എതിര്‍ക്കാന്‍ ഇവര്‍ക്കാര്‍ക്കും അത്ര പെട്ടെന്ന് കഴിയില്ല. മതേതരത്വം സംരക്ഷിക്കാന്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയവര്‍ക്ക് മതേതര സിവില്‍കോഡിനെ എതിര്‍ക്കാന്‍ കഴിയില്ല. അങ്ങിനെ ചെയ്താല്‍ കപട മതേതരത്വം എന്ന ബിജെപിയുടെ വാദം ശരി വയ്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തും.
കോമണ്സിവില്കോഡ് നടപ്പാക്കുക എന്നത് ബിജെപിയുടെയും ആ പാര്‍ട്ടിയുടെ ആദിമ രൂപമായ ജനസംഘത്തിന്റെയും പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെല്ലാം കഴിഞ്ഞ പത്തുവര്‍ഷം നീണ്ട ഭരണത്തില്‍ ബിജെപി സാക്ഷാല്‍ക്കരിച്ചു. ഇനിയുള്ളത് ഏകീകൃത സിവില്‍ നിയമമാണ്. അതാകട്ടെ സെക്യുലര്‍ സിവില്‍ നിയമം എന്ന നിലക്ക് കൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. 2029 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിലോ, അല്ലങ്കില്‍ അതിന് മുമ്പ് നടക്കാന്‍ സാധ്യതയുള്ള ലോക്സഭാ തെരെഞ്ഞെടുപ്പിലോ പുതിയ ചില നേ്ട്ടങ്ങള്‍ ജനങ്ങളുടെ മുമ്പിലേക്ക് വയ്കാന്‍ വേണമെന്ന് ചിന്തയാണ് ബിജെപിക്കുള്ളത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെങ്കിലും ഏതു നിമിഷവും ഇന്ത്യാ സഖ്യവുമായി കൈകോര്‍ക്കാന്‍ മടിയില്ലാത്ത നീതിഷ് കുമാറിനെയും ചന്ദ്രബാബു നായ്ഡുവിനെയും പ്രതിരോധത്തിലാക്കാനും ബിജെപി സെക്യുലര്‍ സിവില്‍കോഡ് ഉപയോഗിക്കും. മതേതര സിവില്‍ കോഡ് എന്ന ആ്ശയത്തിന് അത്രപെട്ടെന്ന് ആര്‍ക്കും എതിര് നില്ക്കാന് കഴിയില്ലന്ന് മനസിലാക്കിയാണ് ബിജെപി കോമണ്സിവില്കോഡ് എന്ന പേര്് മാറ്റിയത്.
ബിജെപിക്കെതിരെ നില്ക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സെക്യുലറിസത്തില് കുടുക്കി പൂട്ടിക്കെട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. മോദി സര്‍ക്കാര്‍ പുരോഗമന കാഴ്ചപ്പാട് മുന്നോട്ടു വയ്കുമ്പോള്‍ മതേതര പാര്‍ട്ടികള്‍ എന്നറിയപ്പെടുന്നവര്‍ പിന്തരിപ്പന്‍ നിലപാടുമായി അതിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് ബിജെപി മുന്നോട്ട് വയ്കുന്ന നിലപാട്. ഇത് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ചില്ലറ തലവേദനയല്ല ഉണ്ടാക്കുക.