ന്യൂഡല്‍ഹി : ഗുജറാത്തിലെ രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. 979 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തൂക്കുപാലം ദ്വാരകയിലാണ്. സുദര്ശന് സേതു എന്ന് പേരിട്ടിരിക്കുന്ന പാലം ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിച്ച് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
2.3 കിലോമീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ കല്ലിടല്‍ ചടങ്ങ് 2017ല്‍ മോദി തന്നെയാണ് നിര്‍വഹിച്ചത്. പുതിയ ദ്വാരകയെ പഴയ ദ്വാരകയുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള പാലം യാത്രാദുരിതത്തിന് പരിഹാരമാകും. നാലുവരിയില്‍ 27.20 മീറ്റര്‍ വീതിയില്‍ പണിത പാലത്തില്‍ 2.50 മീറ്റര്‍ വീതിയില്‍ ഫുട്ട്പാത്തും ക്രമീകരിച്ചിട്ടുണ്ട്.
ഇരുവശങ്ങളിലും ഫുട്ട്പാത്തുണ്ട്. ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും ഇരുവശത്തും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും കൊണ്ടാണ് ഫുട്ട്പാത്ത് അലങ്കരിച്ചിരിക്കുന്നത്. ഓഖ പോര്‍ട്ടിന് സമീപമാണ് ബെയ്റ്റ് ദ്വാരക ദ്വീപ്. ദ്വാരക നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ബെയ്റ്റ് ദ്വാരക.