തിരുവനന്തപുരം : കേരളത്തിലെത്തുന്ന നരേന്ദ്ര മോദി രാമക്ഷേത്രത്തെ കുറിച്ചു മാത്രമാണ് സംസാരിക്കുകയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ജെ.പിയുടെ സ്ത്രീകളുടെ മഹായോഗത്തിൽ പ്രധാനമന്ത്രി നാളെ സംസാരിക്കും ഇതിൽ മണിപ്പൂരിൽ നഗ്നരാക്കപ്പെട്ട സ്ത്രീകളെപറ്റി മോദി മിണ്ടുമോ? വിലവർധനയും തൊഴിലില്ലായ്മയും ഉൾപ്പടെ ഒന്നിലും മോദി സംസാരിക്കില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ബി.ജെ.പി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിലെത്തുന്നത്. ഉച്ച കഴിഞ്ഞ് 2 മണിയോടെ സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികൾ. കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.കോളജിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം സ്വരാജ് റൗണ്ടിലെ ജില്ലാ ജനറൽ ആശുപത്രി പരിസരത്തെത്തും.
ജില്ലാ ജനറൽ ആശുപത്രി മുതൽ നായ്ക്കനാൽ വരെയാണ് സ്വരാജ് റൗണ്ടിൽ റോഡ് ഷോ. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിൽ രണ്ട് ലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് മോദി തൃശൂരിലെത്തുന്നത്