പ്രതിപക്ഷ ഇന്ത്യാസഖ്യത്തെ ഹിന്ദുവിരുദ്ധ രാഷ്ട്രീയമുന്നണിയാക്കി നേരിടാനുള്ള നീക്കമാണ് പ്രധാനമന്ത്രി മോദിയുടേത്. സമയവും കാലവും എതിരാളിയെയും നോക്കി ഏത് ആയുധവും മികച്ച രീതീയില്‍ ഉപയോഗിക്കാന്‍ അറിയുന്ന പടനായകനാണ് നരേന്ദ്രമോദി. ഇത്തവണ മോദിയുടെ ആയുധം മട്ടണ്‍ കറിയാണ്.
ഉത്തരേന്ത്യയിലെ ഹിന്ദുക്കള്‍ വിശുദ്ധമായി കരുതുന്ന ശ്രാവണ മാസത്തില്‍ രാഹുൽ ഗാന്ധിയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും ഒരുമിച്ച് ആട്ടിറച്ചി പാകം ചെയ്തുകഴിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പുതിയ ആരോപണം. ജമ്മു കശ്മീരിലെ ഉദംപുരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദിയുടെ മട്ടണ്‍ മിസൈലിന്റെ വിക്ഷേപണം. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ലാലുവും രാഹുലും കൂടി പുറത്ത് വിട്ട വീഡിയോ ആണിതെന്നോര്‍ക്കണം. ഒരു വര്‍ഷം കഴിഞ്ഞ ഒരു സംഭവത്തെ ഇന്നലത്തെ പോലെ വിവരിക്കാനും ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വർഗീയ ധ്രൂവീകരണം നടത്താനും നരേന്ദ്രമോദിക്ക് കഴിഞ്ഞു.
‘ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ വിശ്വാസപരമായ വികാരങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോ ഇന്ത്യാസഖ്യമോ ഒരു വിലയും കല്പിക്കുന്നില്ല. ജനങ്ങളുടെ വികാരം വെച്ച് കളിക്കുകയാണവര്‍. കോടതി ശിക്ഷിച്ച് ജയിലില്‍ ആയിരുന്ന ഒരു നേതാവ് ജാമ്യത്തില്‍ പുറത്തുവരുന്നു. ശ്രാവണമാസമാണ് എന്നതുപോലും പരിഗണിക്കാതെ മറ്റൊരു നേതാവ് ആ കുറ്റവാളിയെ വീട്ടില്‍ചെന്ന് കണ്ട് ആട്ടിറച്ചി ഉണ്ടാക്കിക്കഴിക്കുന്നു. എന്നിട്ട് ജനങ്ങളെ കളിയാക്കാനെന്ന പോലെ വീഡിയോ പുറത്തുവിടുന്നു. നമ്മുടെ രാജ്യത്തെ നിയമം ആരെയും ഒരുതരത്തിലുമുള്ള ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിലക്കുന്നില്ല. എന്നാല്‍ ഈ നേതാക്കളുടെയൊക്കെ മനസിലിരിപ്പ് വേറെയാണ്. മുഗളന്മാരെപോലെയാണ് ഇവര്‍. ഇന്ത്യയിലെ ക്ഷേത്രങ്ങളൊക്കെയും തകര്‍ക്കുന്നതുവരെയും മുഗളന്മാര്ക്ക് തൃപ്തിയുണ്ടായിരുന്നില്ല. അതുപോലെ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ തകര്‍ത്തു തീരുന്നതുവരെ ഇന്ത്യാമുന്നണിക്ക് വിശ്രമമുണ്ടാവില്ല’ ഇതാണ് ഉദംപൂരില്‍ മോദി പറഞ്ഞത്.
എത്ര പെട്ടെന്നാണ് രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവുമൊക്കെ മുഗളന്മാര്ക്ക് തുല്യരായത്. എവിടെവച്ച് എന്ത് കിട്ടുന്നുവോ അത് സമര്‍ത്ഥമായി ഉപയോഗിക്കണമെന്നാണ് മോദിയും ബിജെപിയും കാണിച്ചുതരുന്നത്. ജില്ലകള്‍ മാറുമ്പോള്‍ പോലും പ്രസംഗത്തിലെ വാക്കുകളും ശൈലിയും മാറ്റുന്നയാളാണ് മോദി. വടക്കൻ സംസ്ഥാനങ്ങളിൽ പറയുന്ന ഒരു വാചകം പോലും തെക്കോട്ട് കടക്കുമ്പോള്‍ മോദി പറയില്ല. ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും കേരളത്തിലും നരേന്ദ്രമോദി പ്രസംഗിക്കുന്നത് കേട്ടാല്‍ ഇന്ത്യയുടെ വൈവിധ്യത്തെയും ബഹുസ്വരതയെയും ഇത്രയധികം ബഹുമാനിക്കുന്ന നേതാവില്ലന്ന് തോന്നും. ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യക്കുമായി രണ്ട് വ്യത്യസ്തരാഷ്ട്രീയം സമൂഹത്തിൽ പ്രയോഗിക്കുക എന്ന തന്ത്രം എക്കാലവും ബിജെപിക്കുണ്ടായിരുന്നു. അത് മോദി നേതൃത്വത്തിലേക്ക് വരുന്നതിന് മുമ്പേ തുടങ്ങിയതാണ്.
നോണ്‍ വെജും വെജും കഴിക്കുന്നതൊക്കെ വ്യക്തിപരമായ കാര്യം, താന്‍ അതിലൊന്നും ഇടപെടുന്നില്ലെന്ന് മോദി പറയുമ്പോഴും നവരാത്രി വത്രം അനുഷ്ഠിക്കുന്ന മാസത്തില്‍ ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്യണോ എന്നാണ് മോദിയുടെ ചോദ്യം. നവരാത്രി വ്രതമുള്ള മാസത്തിലും ഉത്തരേന്ത്യയില്‍ നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നത് സാധാരണമാണ്. പലരും ഇതിനെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. എന്നാല്‍ ജനങ്ങളുടെ മനസില്‍ ഇതുവരെ ഇല്ലാതിരുന്ന ഒരു വിഷയം വിവാദമാക്കി രാഷ്ട്രീയ നേട്ടം തട്ടിയെടുക്കുന്ന കുതന്ത്രമാണ് ഇതില്‍ പ്രധാനമന്ത്രി സ്വീകരിക്കുന്നത്. ഒരു വിഷയം വിവാദമാകുമ്പോള്‍ അതില്‍ രണ്ടുഭാഗവും ഉണ്ടാവുക സ്വാഭാവികം. അതില്‍ മതവിശ്വാസത്തിന്റെ എരിവ് കൂടി ചേർത്താൽ രാജ്യത്ത് വലിയ തോതിലുള്ള ധ്രൂവീകരണം സൃഷ്ടിക്കാം. ഇന്ത്യാമുന്നണിയെ ഏതൊക്കെ ആയുധം കൊണ്ടുനേരിടാന്‍ കഴിയുമോ അതൊക്കെയെടുത്ത് പ്രയോഗിക്കുക എന്നതാണ് ബിജെപിയുടെ രീതി.
വികസന മുദ്രാവാക്യം ചെലവാകുന്നയിടങ്ങളില് അതേക്കുറിച്ച് മാത്രമേ പ്രധാനമന്ത്രി സംസാരിക്കാറുള്ളു. ഈയടുത്ത കാലത്ത് തെലങ്കാനയിലും ആന്ധ്രയിലും പങ്കെടുത്ത യോഗങ്ങളിൽ വികസനമല്ലാതെ മറ്റൊരു രാഷ്ട്രീയവും അദ്ദേഹം സംസാരിച്ചില്ലെന്നത് ശ്രദ്ധിക്കണം. എന്നാല്‍ ദക്ഷിണേന്ത്യയേക്കാൾ വ്യത്യസ്തമായ സാമൂഹ്യസാംസ്കാരിക പശ്ചാത്തലമുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ കൃത്യമായി വര്‍ഗീയതയും വികസനവും രാജ്യസ്നേഹവും സമാസമം ചേര്‍ത്ത് പ്രയോഗിക്കാൻ നമ്മുടെ പ്രധാനമന്ത്രി മറക്കാറില്ല. ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന, അവരിൽ പൊടുന്നനെ ആശയക്കുഴപ്പമുണ്ടാക്കാൻ പോരുന്ന എന്തും എപ്പോഴും എടുക്കാന്‍ കഴിയുന്ന ഒരു പൊളിറ്റിക്കല്‍ സുപ്പര്മാര്ക്കറ്റ് ആണ് നരേന്ദ്രമോദി. അവസാനഘട്ട തെരഞ്ഞെടുപ്പാകുമ്പോഴും ശരാശരി ഇന്ത്യാക്കരന് ചിന്തിക്കാന്‍ കഴിയാത്ത തരത്തിലേക്ക് പ്രചാരണങ്ങളുടെ നരേറ്റീവിനെ ബിജെപി മാറ്റിമറിക്കും എന്നുറപ്പാണ്.