“രാജ്യത്തെ സമ്പത്തിന്റെ പ്രധാന അവകാശികള്‍ മുസ്ലിംങ്ങളാണെന്നാണ് മുന്‍പ് ഭരിച്ചവര്‍ പറഞ്ഞിരുന്നത്. രാജ്യത്തിന്റെ സമ്പത്ത് കൂടുതല്‍ മക്കളുള്ളവര്‍ക്ക് നല്‍കണമോ? അനധികൃത കുടിയേറ്റക്കാര്‍ക്ക് സമ്പത്ത് നല്‍കേണ്ടതുണ്ടോ? സ്ത്രീകളുടെ താലിയും സ്വര്‍ണവും തട്ടിയെടുത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്” രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദപ്രസംഗത്തിലെ വരികളാണിത്.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ മുസ്ളീങ്ങൾക്ക് വീതിച്ചുനല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മോദിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയം അറിയാവുന്ന ആരും ഇത് കേട്ട് അത്ഭുതപ്പെടില്ല. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞപ്പോള്‍ത്തന്നെ മോദി കളി മാറ്റുമെന്ന് വിവരമുള്ളവര്‍ പറഞ്ഞിരുന്നു. അതു തന്നെ സംഭവിച്ചു. ആദ്യം ഒരു വിഷയം വിവാദമാക്കുക. പിന്നീടത് തിരുത്തിക്കൊണ്ട് ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന രീതിയില്‍ നരേറ്റീവ് മാറ്റുക. 1980കളുടെ അവസാനം രാമജന്മ ഭൂമി വിഷയം ചൂട് പിടിച്ചപ്പോള്‍ മുതല്‍ സംഘപരിവാര്‍ പ്രയോഗിക്കുന്നത് ഈ രാഷ്ട്രീയ തന്ത്രമാണ്. മോദിയൊക്കെ ഈ തന്ത്രത്തില്‍ അഗ്രഗണ്യരാണ്.
1951ല്‍ സംഘപരിവാറിന്റെ ആദ്യ രാഷ്ട്രീയരൂപമായ ജനസംഘം സ്ഥാപിച്ചപ്പോള്‍ തന്നെ ഹൈന്ദവവോട്ടുകളുടെ ധ്രുവീകരണത്തിലൂടെ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുക എന്ന തന്ത്രം തന്നെയാണ് അവര്‍ പ്രയോഗിച്ചിരുന്നത്. 1980ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ ഗാന്ധിയന്‍ സോഷ്യലിസം എന്നൊക്കെ പറഞ്ഞ് അല്‍പ്പകാലം വഴിമാറി നടന്നെങ്കിലും വളരെപ്പെട്ടെന്ന് തന്നെ ഹിന്ദുത്വയിലേക്ക് അവര്‍ തിരിച്ചുവന്നു. അങ്ങനെയാണ് രാമജന്മഭൂമി വിഷയം ഉയര്‍ന്ന് വന്നത്. അതിന് ശേഷം ബിജെപി കേന്ദ്രം ഭരിച്ചപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴുമൊക്കെ ഹൈന്ദവ വോട്ടുകളുടെ ധ്രൂവീകരണം അഥവാ മുസ്ളീം വിരുദ്ധത എന്ന ഒറ്റ ഫോക്കസിലാണ് അവര്‍ തെരഞ്ഞെടുപ്പുകളെയെല്ലാം നേരിട്ടത്.
രാജ്യത്തെ വിഭവങ്ങള്‍ക്ക് മേല്‍ ദുര്‍ബലരും അടിച്ചമര്‍ത്തപ്പെടുന്നവരുമായ വിഭാഗങ്ങള്‍ക്കാണ് പ്രഥമവും പ്രധാനവുമായ അവകാശം എന്നത് സ്വാതന്ത്ര്യ സമരകാലം മുതലുള്ള കോണ്‍ഗ്രസിന്റെ നയമാണ്. ഇത് എല്ലാ പ്രകടനപത്രികകളിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കാറുമുണ്ട്. തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്തീരാജ്, വിവരാവകാശ നിയമം ഇവയൊക്കെ ഈ ആശയത്തിന്റെ ചുവട് പിടിച്ചുണ്ടാക്കിയതാണ്. ഒരു രാജ്യം എത്ര കണ്ട് പരിഷ്കൃതമാണെന്ന് മനസിലാക്കുന്നത് അവിടുത്തെ മത-ഭാഷാ-വംശീയ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും തുല്യതയെയും അടിസ്ഥാനമാക്കിയാണെന്ന് ഗാന്ധിജി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആശയത്തെ കൃത്യമായി ട്വിസ്റ്റു ചെയ്ത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ സംഘപരിവാര്‍ പലതവണ വിജയിച്ചിട്ടുമുണ്ട്.
വരുന്ന ആറുഘട്ട വോട്ടെടുപ്പുകള്‍ ബിജെപി നേരിടുന്നതെങ്ങിനെയെന്ന കൃത്യമായ സൂചന പ്രധാനമന്ത്രി നല്‍കിക്കഴിഞ്ഞു. തന്റെ എതിരാളികളെ അപ്രതീക്ഷിതമായി പ്രകോപിപ്പിക്കുകയും അന്ധാളിപ്പിക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയാന്തരീക്ഷത്തെ തനിക്ക് അനുകൂലമാക്കിമാറ്റാനുള്ള അനിതര സാധാരണമായ കഴിവുള്ളയാളാണ് നരേന്ദ്രമോദി. പ്രതിപക്ഷത്തെ പെട്ടെന്നൊരു സന്ദിഗ്ധാവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ട് അവര്‍ ഉപയോഗിക്കാന്‍ വച്ചിരിക്കുന്ന ആയുധങ്ങളെ നിര്‍വ്വീര്യമാക്കുക എന്ന യുദ്ധതന്ത്രമാണിത്. ഇന്നലെ വരെ മോദിക്കെതിരെ ഉയര്‍ത്തിയിരുന്ന ആരോപണങ്ങളെയെല്ലാം പിന്‍നിരയിലേക്ക് തള്ളിക്കൊണ്ട് മോദിയുടെ മുസ്ളീം വിരുദ്ധ പ്രസ്താവനയെ പ്രതിപക്ഷം ഏറ്റെടുത്തുകഴിഞ്ഞു. മോദി ആഗ്രഹിച്ചതും അതുതന്നെയാണ്. പ്രതിപക്ഷത്തിന്റെ ആയുധങ്ങള്‍ പെട്ടെന്ന് തന്നെ പഴകുകയും തുരുമ്പിക്കുകയും വേണം. അതിനായി അദ്ദേഹം ഓരോ ദിവസവും പുതിയ വിവാദങ്ങള്‍ ഉണ്ടാക്കും. അപ്പോള്‍ എതിരാളികള്‍ അത്രയും നേരം തനിക്കെതിരെ ഉപയോഗിച്ചുകൊണ്ടിരുന്ന ആയുധങ്ങള്‍ ഉപേക്ഷിച്ച് പുതിയവയുടെ പിന്നാലെ പോകും. അതൊന്ന് ചൂട് പിടിച്ചുവരുമ്പോഴേക്കും ആദ്യത്തേതിനെ അപ്രസക്തമാക്കുന്ന പുതിയതൊരണ്ണം മോദി പ്രയോഗിക്കും. ഈ കളി ജൂണ്‍ ഒന്നിലെ അവസാനഘട്ട പോളിംഗ് വരെ തുടരും.
പ്രതിപക്ഷത്തിന് എന്ത് ആയുധമാണ് ഇട്ടുകൊടുക്കേണ്ടതെന്ന് മോദിക്ക് അറിയാം. ആയുധം എന്താണെന്ന് എതിരാളി തിരിച്ചറിയും മുമ്പ് മോദി അത് മാറ്റി അടുത്തത് പ്രയോഗിച്ചിരിക്കും. ഇങ്ങനെ ആയുധങ്ങള്‍ മാറ്റിമാറ്റിക്കളിക്കുന്ന ചാണക്യനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. അതില്‍ രാഷ്ട്രീയ തത്വദീക്ഷയോ ആദര്‍ശപരതയോ ജനാധിപത്യബോധമോ ഒന്നും അദ്ദേഹത്തിന് വിഷയമേയല്ല. തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ മാത്രമുള്ളതാണെന്നാണ് മോദി എപ്പോഴും കരുതുന്നത്. അതുകൊണ്ടാണ് എല്ലാ യുദ്ധങ്ങളും അദ്ദേഹം വിജയിക്കുന്നതും.