കൊച്ചി: തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നരേന്ദ്രമോദിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാൽ വോട്ടുകിട്ടും എന്നാണ് ഇവരുടെ ധാരണ. മോദി ഇനി തൃശൂരിൽ തന്നെ താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ല. എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.
‘‘സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ടോ അത് പ്രചരിപ്പിച്ചാലോ ബിജെപി ജയിക്കാൻ പോകുന്നില്ല. ബിജെപിയുടെ തൃശൂര്‍ സ്ഥാനാർഥി നികുതി വെട്ടിപ്പ് നടത്തിയതും അതിനായി വ്യാജരേഖ ചമച്ചതുമായ കേസ് മാധ്യമങ്ങളടക്കം കണ്ടില്ലെന്ന് നടിക്കുകയാണ്.പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ല. എവിടെയോ ബോംബ് പൊട്ടിയതിന്റെ പേരിൽ സിപിഎമ്മിനെതിരെ പ്രചാരണം നടത്തുകയാണ്. കൊലപാതകം നടത്തുകയോ ആരും മരിക്കുകയോ ചെയ്യരുത് എന്നാണ് സിപിഎമ്മിന്റെ നിലപാട്. സ്ഫോടനം ഉണ്ടായപ്പോൾ അവിടെ ഓടിക്കൂടിയവരിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ഉണ്ടാകാം. അത് മനുഷ്യത്വപരമായ നിലപാടാണ്. അവരെയാണ് അറസ്റ്റ് ചെയ്തത്.
പാർട്ടിക്ക് പങ്കുണ്ടോ എന്ന് പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കട്ടെ. ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ടവർ സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികളാണ്. എന്നിട്ടും സിപിഎമ്മിന്റെ മേൽ ആരോപണം ഉന്നയിക്കുകയാണ്. ഇങ്ങോട്ട് ആക്രമിച്ചാൽ പോലും സായുധമായി തിരിച്ചടിക്കില്ലെന്ന് 22–ാം പാർട്ടി കോൺഗ്രസിൽ സിപിഎം തീരുമാനിച്ചിരുന്നു. അതിനു ശേഷം 27 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. ആര്‍എസ്എസും കോൺഗ്രസും ലീഗുമാണ് അതിനു പിന്നിൽ. എന്നാൽ അതിന് പ്രതികാരം വീട്ടാനോ തിരിച്ചടിക്കാനോ തയാറാകാത്ത പാർട്ടിയാണ് സിപിഎം.
ജനങ്ങളെ അണിനിരത്തുകയാണ് പകരം ചെയ്തത്. കണ്ണൂരിലെ മുൻ ഡിസിസി ഓഫിസിന്റെ ടെറസിൽ മൂന്നു തരത്തിലുള്ള ബോംബുകൾ നിരത്തി വച്ചിരിക്കുന്നത് മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. പുക ബോംബ്, പരുക്കേല്‍പ്പിക്കാൻ ഉദ്ദേശിച്ചുള്ളത്, കൊലപ്പെടുത്താനുള്ളത് എന്നിങ്ങനെയായിരുന്നു ബോംബുകൾ. ആ പാര്‍ട്ടിയിലുള്ള ആളാണ് ഷാഫി പറമ്പിൽ. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് വടകരയിൽ കെ.കെ.ശൈലജയെ തോല്‍പ്പിക്കാം എന്നു കരുതേണ്ട. കേരളത്തിനും കമ്യൂണിസ്റ്റുകൾക്കും മുസ്ലിംകൾക്കും എതിരെയുള്ള, ഒരു മൂല്യവുമില്ലാത്ത സിനിമയാണ് ‘കേരള സ്റ്റോറി’. പ്രതിപക്ഷ പാർട്ടികളെ മാത്രമല്ല, താല്പര്യമില്ലാത്ത മാധ്യമ സ്ഥാപനങ്ങളെയും കേന്ദ്ര സര്‍ക്കാർ വേട്ടയാടുന്നതിന്റെ ബാക്കിയായാണ് ബിബിസി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. പൗരത്വ ഭേദഗതി അടക്കം കോൺഗ്രസിന് പല കാര്യങ്ങളിലും നിലപാടില്ല’’– ഗോവിന്ദൻ പറഞ്ഞു.