ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ സൗത്ത് ബ്ലോക്ക് ഓഫീസില്‍ എത്തി അധികാരമേറ്റു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ഇന്നലെയാണ് മോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയുടെ അടിയന്തര അജണ്ടയില്‍ ആദ്യ മന്ത്രിസഭാ യോഗമാണ് ഉള്‍പ്പെടുന്നത്. ഇതിന് ശേഷം പാര്‍ലമെന്റിന്റെ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭായോഗം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് അഭ്യര്‍ത്ഥിക്കും.
അതേസമയം പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവന പദ്ധതിക്ക് കീഴില്‍ 2 കോടി വീടുകള്‍ അനുവദിക്കുന്നതും ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. പുതിയ സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ അജണ്ടയുടെ ഭാഗമായി സമതല പ്രദേശങ്ങളില്‍ 1.2 ലക്ഷം രൂപ വരെയും മലയോര സംസ്ഥാനങ്ങള്‍, ദുഷ്കരമായ പ്രദേശങ്ങള്‍, ആദിവാസി, പിന്നാക്ക ജില്ലകള്‍ എന്നിവിടങ്ങളില്‍ 1.30 ലക്ഷം രൂപ വരെയും സംയോജിത കര്‍മപദ്ധതി (ഐഎപി) പ്രകാരം ഓരോ ഗുണഭോക്താവിനും ഫണ്ട് ലഭിക്കും. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗുണഭോക്താവിന് നല്കുന്ന സഹായം കേന്ദ്രം 50 ശതമാനത്തോളം വര്‍ധിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടിന്റെ നിര്‍മാണച്ചെലവ് സമതലങ്ങളില്‍ നിലവിലുള്ള 1.20 രൂപയില്‍ നിന്ന് 1.8 ലക്ഷം രൂപയായും മലയോരമേഖലയില്‍ 1.30 ലക്ഷം മുതല്‍ 2 ലക്ഷം രൂപയായും കേന്ദ്രം വര്‍ധിപ്പിച്ചേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2016-ല്‍ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ അനുവദിച്ച 2.95 കോടി വീടുകള്‍ക്ക് പുറമെയായിരിക്കും ഇത്. 2.61 കോടി വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുണ്ട്.അതേസമയം മന്ത്രിതല വകുപ്പുകളുടെ വിഭജനവും ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മന്ത്രിസഭയില്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്, ബീഹാറിന് നാലും ഉത്തര്‍പ്രദേശിന് ഒമ്പതും മന്ത്രിസ്ഥാനങ്ങളും ലഭിച്ചു. 42 മന്ത്രിമാര്‍ മറ്റ് പിന്നാക്ക വിഭാഗം (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി) സമുദായങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ മന്ത്രിസഭയില്‍ മുസ്ലീം പ്രാതിനിധ്യമില്ല.
മൂന്നാം മോദി സര്‍ക്കാരില്‍ 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് ഉള്‍പ്പെടുന്നത്. രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്, എസ് ജയശങ്കര്‍ എന്നിവര്‍ക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാ എംപിയുമായ സുരേഷ് ഗോപിയും മന്ത്രിസഭയില്‍ ഉണ്ട്.