പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടോ? മൂന്നാമൂഴത്തിലെ ഭരണം നൂറുദിവസം പിന്നിടുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. പ്രതിപക്ഷത്തിന് നേരെ പഴയ ആക്രമണോല്സുകത പ്രധാനമന്ത്രി കാണിക്കുന്നില്ലന്ന് ബിജെപി നേതാക്കള്‍ തന്നെ പറയുന്നു. മഹാരാഷ്ട്രയും ഹരിയാനയും ഝാര്‍ഖണ്ഡും ജമ്മുകാശ്മീരുമടക്കം പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ വരുന്ന ആറുമാസത്തിനുള്ളില്‍ നടക്കുകയാണ്. സാധാരണ തെരെഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ പ്രതിപക്ഷത്തിനെതിരെ പൊതുവെയും കോണ്‍ഗ്രസിനെതിരെ പ്രത്യേകിച്ചും വലിയ ആക്രമണം നരേന്ദ്രമോദി നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു രാഷ്ട്രീയാക്രമണം പ്രതിപക്ഷത്തിന് നേരിടേണ്ടി വന്നില്ലന്ന് മാത്രമല്ല, പല നിര്‍ണ്ണായക വിഷയങ്ങളിലും തീരുമാനമെടുത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രിയും സര്‍ക്കാരിനും ആ തിരുമാനമങ്ങളില് നിന്നും പിന്തിരിയേണ്ടതായും വന്നു.
കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് പരിചയമില്ലാത്ത നരേന്ദ്രമോദി ഇപ്പോള്‍ നീതീഷ്കുമാറിനെയും ചന്ദ്രബാബു നായ്ഡുവിനെയും ആശ്രയിച്ചാണ് കേന്ദ്ര ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. അസാധ്യമായ വഴക്കമുണ്ടെങ്കിലേ കൂട്ടുകക്ഷി മന്ത്രിസഭകളെ നയിക്കാന്‍ കഴിയൂ. എന്നാല്‍ അത്തരത്തിലൊരു മെയ് വഴക്കം ഒരിക്കലും പ്രദര്ശിപ്പിക്കാതിരുന്നയാളാണ് നരേന്ദ്രമോദി. ഒരിക്കലും കൂട്ടായ ചര്‍ച്ചകളുടെയും, ആശയവിനിമയത്തിന്റെയും പ്രയോക്താവായിരുന്നില്ല അദ്ദേഹം. മൂന്നാം മന്ത്രിസഭ നൂറു ദിവസം പിന്നിടുമ്പോള്‍ മോദി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന്് തന്റെ പാര്‍ട്ടിയിലുള്ള സീനിയര്‍ നേതാക്കളെയും, ഘടക കക്ഷികളുടെ നേതാക്കളെയും വിശ്വാസത്തിലെടുക്കാനും അവരുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തിന് കഴിയുന്നില്ലന്നതാണ്.
കേന്ദ്ര സര്‍വ്വീസിലേക്ക് ലേറ്ററല്‍ എന്‍ട്രി മാതൃകയില്‍ 45 ഓളം നിയമനങ്ങള്‍ നടത്താനുള്ള നീക്കം സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നത് ഈ പ്രതിസന്ധിയുടെ വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ്. ജോയിന്റ് സെക്രട്ടറി,ഡയറക്ടര്‍, ഡെപ്യുട്ടി സെക്രട്ടറി തസ്തികകളിലേക്കാണ് ലേറ്ററല്‍ എന്‍ട്രി രീതിയില്‍ യുപിഎസ്എസി പരീക്ഷ നടത്താതെ നിയമിക്കാന്‍ വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചത്. സംവരണ വ്യവസ്ഥ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടുള്ള നീക്കമാണിതെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന നീതീഷ് കുമാറിനെ പോലുള്ളവര്‍ ശക്തമായി ഇടപെട്ടു. സംവരണത്തില്‍ തൊട്ടുകളിച്ചാല്‍ കൈപൊള്ളുമെന്ന മുന്നറിയിപ്പ് നീതിഷ് കുമാറിനെപ്പോലുളളവര് നല്‍കിയപ്പോഴാണ് ലേറ്ററല്‍ എന്‍ട്രി നിയമനങ്ങളില്‍ നിന്നും പിന്മാറാന് സര്‍ക്കാര്‍ തിരുമാനിച്ചത്. നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം തന്റെ അധികാര ജീവിതത്തിലെ ആദ്യസംഭവമായിരിക്കും ഇത്. ഇതുവരെ താന്‍ എടുത്ത തിരുമാനങ്ങളെല്ലാം അതിന്റെ പേരില്‍ എത്ര എതിര്‍പ്പുകള്‍ ഉയര്‍ന്നാലും നടപ്പിലാക്കിയ ചരിത്രമേ മോദിക്കുള്ളു. എന്നാല്‍ ഇതാദ്യമായി അദ്ദേഹത്തിന് തന്റെ തീരുമാനത്തില്‍ നിന്നും പിന്നോക്കം പോകേണ്ടി വന്നു.
വഖഫ് ബോര്‍ഡ് സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമഭേദഗതിക്കെതിരെ സ്വന്തം ഘടകക്ഷികളായ തെലുഗുദേശം, ജനതാദള്‍ യു, ലോക്്ജനശക്തിപാര്ട്ടി എന്നവരില്‍ നിന്നുയര്‍ന്ന കടുത്ത എതിര്‍പ്പ് ബിജെപിയെയും മോദിയെയും അമ്പരപ്പിച്ചു. വഖഫ് സ്വത്തുക്കള്‍ പരിപാലിക്കു്ന്ന സമിതിയില്‍ മുസ്ളീങ്ങള്‍ അല്ലാത്തവരെ ഉള്‍പ്പെടുത്താനുളള നീക്കമാണ് എന്‍ഡിഎ ഘടകക്ഷികളുടെ എതിര്‍പ്പ് വിളിച്ചുവരുത്തിയത്. നീതീഷ് കുമാറിനെപ്പോലൊരാള്ക്ക് തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായി മുസ്ളീം വോട്ടുകള്‍ സുപ്രധാനമാണ്. ഇതോടെ ഗത്യന്തരമില്ലാതെ ബില്ല് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്കയക്കേണ്ടി വന്നു.
ന്യൂസ് പോര്‍ട്ടലുകളെയും യുറ്റിയൂബ് ചാനലുകളെയും നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസ് റെഗുലേഷന് ബില്‍ (2024) പിന്‍വലിക്കേണ്ടിവന്നതും പ്രതിപക്ഷത്തിന്റെയും എന്‍ഡിഎ ഘടക കക്ഷികളുടെയും എതിര്‍പ്പ് ഒരുപോലെ ഉയര്‍ന്നപ്പോഴാണ്. 2014 ലെയും 2019 ലെയും സര്‍ക്കാരുകളുടെ കാലത്തായിരുന്നെങ്കില്‍ ഈ ബില്ലുകള്‍ അവതരിപ്പിക്കുന്ന മാത്രയില്‍ തന്നെ പാസാക്കി നിയമമാകുമായിരുന്നു. എന്നാല്‍ 2024 ല്‍ എത്തിയപ്പോഴേക്കും നരേന്ദ്രമോദിയും ബിജെപിയും എതിര്‍പ്പുകളെ ഭയക്കാനും പരിഗണിക്കാനും തുടങ്ങി. എതിര്‍പ്പുകളെ ഭയക്കുക , പരിഗണിക്കുക എന്നത് മോദിയുടെ ഇതപര്യന്തമുള്ള രാഷ്ട്രീയ ജീവിതത്തില്‍ കാണാത്ത ഒരു പ്രതിഭാസമായിരുന്നു. ആര്‍എസ്എസിന്റെ എതിര്‍പ്പുകൂടി തനിക്കെതിരെ ഉയര്‍ന്നതോടെ മോദി പരിക്ഷീണനായി എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ തന്നെ പറയുന്നത്. ഒരു പക്ഷെ 2029 ന് മുമ്പ് രാജ്യത്ത് ഒരു ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതും ഇതിന്റെ പശ്ചാത്തലത്തിലാണ്.