നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവിന്റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും അനുരഞ്ജനം, സഹവര്‍ത്തിത്വം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത്. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമ്പോള്‍ സഹകരണത്തിന്റെ പാതയിലൂടെയായിരിക്കും തന്റെ മൂന്നാമത്തെ സര്‍ക്കാര്‍ നീങ്ങുകയെന്നും ക്രിയാത്മക പ്രതിപക്ഷത്തിന്റെ അനിവാര്യതയെ അംഗീകരിക്കേണ്ടത് ജനാധിപത്യത്തില്‍ അത്യന്താപേക്ഷിതമാണെന്നുമുള്ള സൂചനയാണ് പ്രധാനമന്ത്രി നല്‍കുന്നത്. കഴിഞ്ഞ രണ്ട് സര്ക്കാരുകളെപ്പോലെയായിരിക്കില്ല തന്റെ മൂന്നാമത്തെ സര്‍ക്കാര്‍ എന്ന് പ്രധാനമന്ത്രി ഭംഗ്യന്തരേണ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്നും താനും തന്റെ പാര്‍ട്ടിയും ചില പാഠങ്ങള്‍ പഠിച്ചുവെന്ന സന്ദേശം ലോകത്തിന് നല്‍കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നുള്ള അടയാളങ്ങളും പ്രധാനമന്ത്രി നല്‍കുന്നുണ്ട്.
പ്രതിപക്ഷവുമായി സഹകരിച്ചു പോകാനാണ് താല്‍പ്പര്യമെന്ന് തുറന്ന് പറയുകയായിരുന്നു നരേന്ദ്രമോദി. യഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോവുക, പ്രധാനപ്പെട്ട നിയമനിര്‍മ്മാണങ്ങളില്‍ പ്രതിപക്ഷത്തിന്റെ സഹകരണം തേടുക ഇതൊക്കെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ നിന്നും വിഭിന്നമായി അക്രമണോല്സുകമായ പ്രതിപക്ഷമാണ് തന്നെ കാത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രിക്കറിയാം. കഴിഞ്ഞ പത്തുവര്‍ഷവും പ്രതിപക്ഷത്തെ അവഗണിച്ചും അടിച്ചമര്ത്തിയുമൊക്കെയാണ് മുന്നോട്ടുപോയത്. ഇനി അത് സാധിക്കില്ല. ഓരോ മിനിറ്റിലും സര്‍ക്കാരിന് ചെക്കു വെച്ചുകൊണ്ടായിരിക്കും പ്രതിപക്ഷം മുന്നോട്ടുപോവുകയെന്നും മോദിക്ക് അറിയാം. എന്നാല്‍ രണ്ട് പ്രബല പ്രാദേശിക കക്ഷികളുടെ പിന്തണയോടെ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത് കൊണ്ട് പ്രതിപക്ഷത്തെ പിണക്കുക വയ്യ. തെലുഗുദേശത്തിന്റെയും ജനതാദള്‍ യുണൈറ്റഡിന്റെയും നേതാക്കളായ ചന്ദ്രബാബു നായിഡുവും നീതീഷ് കുമാറും പ്രതിപക്ഷത്തെ നേതാക്കളുമായി സൗഹൃദം പുലര്‍ത്തുന്നവരാണ് . നീതീഷ് കുമാര്‍ കുറച്ചുകാലം ഇന്ത്യാ മുന്നണിയുടെ മുഖ്യ നേതാവുമായിരുന്ന വ്യക്തിയാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും അതിന് ശേഷം രണ്ടു തവണ പ്രധാനമന്ത്രിയായിരിക്കുമ്പോഴും മൃഗീയ ഭൂരിപക്ഷത്തിന് ഭരണം നടത്തിയ ആളാണ് നരേന്ദ്രമോദി. പ്രതിപക്ഷത്തെ ഒരു അനാവശ്യ അസ്വസ്ഥതയായി കണ്ടിരുന്ന നരേന്ദ്രമോദി ഇന്ന് പ്രതിപക്ഷത്തിന്റെ പ്രസക്തിയെക്കുറിച്ച് വാചാലനാകേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തിനെയാണ് കാണിക്കുന്നത്. എല്ലാ കക്ഷികളുമായും സഹവര്‍ത്തിത്വത്തിന്റെ പാതയാണ് താന്‍ തേടുന്നതെന്ന വ്യക്തമായ സൂചനയും അദ്ദേഹം നല്കി. മര്യാദരാമനായ ഒരു മോദിയെയാണ് പതിനെട്ടാം ലോക്സഭയിലേക്ക് നടന്ന തെര ഞ്ഞടുപ്പ് സംഭാവന ചെയ്തതെന്ന് പറയുന്നതില്‍ തെറ്റില്ല. തന്റെ ഒരോ പ്രസംഗത്തിലും ഭരണഘടനയുടെ മഹത്വം ഉയര്ത്തിപ്പിടിക്കുന്നതിനെക്കുറിച്ചാണ് മോദി സംസാരിക്കുന്നത്. തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ബിജെപി നേതാക്കള്‍ പലരും തങ്ങള്‍ക്ക് 400 സീറ്റുകിട്ടിയാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന് വരെ പറഞ്ഞിരുന്നു. ഇത് വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടാക്കിയ ആശങ്ക ബിജെപിക്കെതിരായ വോട്ടായി മാറി. തിരിച്ചടി കിട്ടിയപ്പോഴാണ് ഭരണഘടനയുടെ ശക്തിയെന്തെന്ന് മോദിയും ബിജെപിയും തിരിച്ചറിഞ്ഞത്. എന്ത് വന്നാലും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മോദിയുടെ മൂന്നാം ടേം തുടങ്ങിയത് തന്നെ. ഭരണഘടന ഇന്ത്യയിലെ ജനങ്ങളുടെ വികാരമാണെന്ന് തിരിച്ചറിയാന്‍ മോദിക്കും ബിജെപിക്കും കഴിഞ്ഞില്ലെന്നതാണ് അവര്‍ നേരിട്ട തിരിച്ചടി വ്യക്തമാക്കുന്നത്.
പ്രതിപക്ഷമാകട്ടെ പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിലേക്ക് പ്രവേശിച്ചത് തന്നെ ഭരണഘടനയുടെ ചെറിയ കോപ്പിയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി- അംബേദ്ക്കർ പ്രതിമയുടെ മുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തോടെയാണ് പ്രതിപക്ഷ എംപിമാരെല്ലാം പതിനെട്ടാം ലോക്സഭയിലെ ആദ്യ സമ്മേളനത്തിനെത്തിയത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കും പ്രതിപക്ഷം സമ്മാനിക്കുക എന്ന് വ്യക്തമായിക്കഴിഞ്ഞു. നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോര്‍ച്ചയും അതിനെ തുടര്‍ന്ന് പരീക്ഷ റദ്ദ് ചെയ്യേണ്ടി വന്നതുമടക്കം ആദ്യ സമ്മേളനത്തില്‍ തന്നെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ കയ്യിലുണ്ട്. ബിജെപിയും നരേന്ദ്രമോദിയും പാര്‍ലമെന്റില്‍ നിന്നും നിഷ്കാസനം ചെയ്യാനാഗ്രഹിച്ച രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ നേതാവായി വരുന്നതും. അതുകൊണ്ട് തന്നെ നരേന്ദ്രമോദിയെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം ഈ ലോക്സഭാ തികച്ചും പുതിയ സഭയായിരിക്കും. അവര്‍ക്ക് എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും. ജനാധിപത്യത്തിന്റെ മനോഹാരിതയും സങ്കീര്‍ണ്ണതയും എന്താണെന്ന് ബിജെപിക്കും മോദിക്കും മനസിലാക്കിക്കൊടുക്കുന്ന ലോക്സഭ കൂടെയായിരിക്കും പതിനെട്ടാമത്തേത്