സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. പലയിടത്തും യന്ത്രങ്ങൾക്ക് തകരാറുണ്ട്. കോഴിക്കോട് കട്ടിപ്പാറ, കോട്ടയത്തെ ബൂത്ത് 26– പുതുവേലി ഗവ ഹൈസ്കൂൾ , തൃക്കാക്കര വില്ലജ് ഓഫീസ് പോളിങ് സ്റ്റേഷൻ 91 നമ്പർ ബൂത്ത്, പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്ത് തുടങ്ങിയ ഇടത്ത് ഇലക്ട്രോണിക് വോട്ടിങ് മെഷീനോ വിവി പാറ്റ് മെഷീനോ തകരാറിലായി. ഈ ബൂത്തുകളിൽ വോട്ടിങ് വൈകും.
സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ്വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കന്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് പുറമെ രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലും ജമ്മുവിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 55 സീറ്റില്‍ ബിജെപിയും 18 സീറ്റില്‍ കോണ്‍ഗ്രസുമാണ് 2019ല്‍ വിജയിച്ചത്. എല്ലായിടത്തും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി.സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഔട്ടർ മണിപ്പൂരില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂപേഷ് ഭാഗേല്‍ , അരുണ്‍ഗോവില്‍ , ഹേമമാലിനി, വൈഭവ് ഗെലോട്ട് , ലോക്സഭ സ്പീക്കർ ഓം ബിർള കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.
കർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാണ്. ബെംഗളുരു, മൈസുരു കർണാടക, തീരദേശ കർണാടക എന്നീ മേഖലകളിലെ 14 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 2.88 കോടി വോട്ടർമാരാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുക. 247 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 32,602 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. ഇതിൽ മൈസുരുവിലെയും ബെംഗളുരു റൂറലിലെയും മുഴുവൻ ബൂത്തുകളും ഉൾപ്പടെ 19,701 ബൂത്തുകളിൽ മുഴുവൻ സമയ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. 1370 ബൂത്തുകളിൽ സിസിടിവി ക്യാമറകൾ ഉണ്ടാകും.