ന്യൂഡല്‍ഹി : പ്രതിപക്ഷമായ ഇന്ത്യ മുന്നണിയിലെ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും മൊബൈല്‍ ഫോണുകളും ഇ മെയിലുകളും കേന്ദ്രസര്‍ക്കാര്‍ വ്യാപകമായി ചോര്‍ത്തിയതായി ആരോപണം. ശശി തരൂര്‍, മഹുവ മൊയ്ത്ര, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഹാക്കിങ് മുന്നറിയിപ്പ് നല്കി ആപ്പിള്‍ നല്കിയ സന്ദേശം നേതാക്കള്‍ പുറത്തു വിട്ടു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പവന് ഖേര, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, എഎപി നേതാവ് രാഘവ് ഛദ്ദ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ് ആരോപണം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മൂന്നു ജീവനക്കാരുടെ ഫോണുകളും ചോര്‍ത്തി.
മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്, ശ്രീറാം കര്‍വി എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായി സന്ദേശം ലഭിച്ചു. ഇന്നലെ രാത്രി 11. 45 നാണ് പ്രതിപക്ഷത്തെ അഞ്ചു നേതാക്കളുടെ ഫോണിലേക്ക് ഒരേ സമയം ആപ്പിളിന്റെ ഹാക്കിങ് സന്ദേശം എത്തിയത്. നിങ്ങളുടെ ഫോണ്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് ഏജന്‍സി ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു.
ഹാക്ക് ചെയ്യപ്പെട്ടാല്‍ വിവരങ്ങള്‍ നഷ്ടപ്പെടുമെന്നും ഫോണിലെ കാമറയും മൈക്രോഫോണും ദൂരെയൊരു സ്ഥലത്ത് ഇരുന്ന് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും, ഈ സന്ദേശം ഗൗരവത്തോടെ കാണണമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന പെഗാസസ് കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്.