കൊച്ചി : സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പെൺമക്കൾ പുനഃപരിശോധനാ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.
സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സിംഗിൾ ബെഞ്ചിനു മുൻപാകെ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി ജി അരുൺ ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും, ഇതിനെതിരെ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതിയും തള്ളിയതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാർക്ക് മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതിന് തടസമില്ലെന്നും ജസ്റ്റിസ് അരുൺ വ്യക്തമാക്കിയിട്ടുണ്ട്. 2024 സെപ്റ്റംബർ 21നാണ് ലോറൻസ് അന്തരിച്ചത്. ലോറന്‍സ് അന്തരിച്ചതിനു പിന്നാലെ മകൻ എം.എൽ.സജീവൻ പിതാവിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു. ഇതിനെതിരെയാണ് പെൺമക്കൾ രംഗത്തു വന്നിട്ടുള്ളത്.
ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസാണ് ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനേയും പിന്നീട് ഡിവിഷൻ ബെഞ്ചിനേയും സമീപിച്ചത്. ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. തുടർന്നാണ് തനിക്ക് സ്വർഗത്തിൽ പോയി യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് സംസ്കരിക്കണമെന്നും ലോറൻസ് പറയുന്ന ശബ്ദ സന്ദേശം സഹിതം ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്.