പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നുയരുന്ന വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് റിയാസിനെതിരെ കടകംപിള്ളി സുരേന്ദ്രന് നിയമസഭക്കുള്ളില്‍ നടത്തിയ കടുത്ത വിമര്‍ശനമാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. അതോടൊപ്പം പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ നിന്നും മുഹമ്മദ് റിയാസിനെ ലക്ഷ്യമാക്കിക്കൊണ്ടുയരുന്ന വിമര്‍ശനങ്ങളെയും അതിശക്തമായി നേരിടാനാണ് പിണറായിയുടെ തിരുമാനം.
ആക്കുളം കായലിലിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും സീനിയര്‍ സിപിഎം നേതാവുമായ കടകംപിള്ളിയും മന്ത്രി റിയാസും തമ്മില്‍ നിയമസഭയില്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. അതോടൊപ്പം വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സിപിഐയുടെ എംഎല്‍എ വാഴൂര്‍ സോമനും, മന്ത്രി എകെ ശശിന്ദ്രനും തമ്മിലും നിയമസഭയില്‍ വച്ച് വലിയ തോതിലുള്ള തര്‍ക്കങ്ങള്‍ നടന്നു. നിയമസഭയിലുള്ള സിപിഎം എംഎല്‍എമാര്‍ മുഹമ്മദ് റിയാസുമായി ഏറ്റുമുട്ടുന്നത് പ്രതിപക്ഷത്തിനു വലിയൊരായുധമായി തീരുമെന്നാണ് പിണറായി കരുതുന്നത്. ഇടതുമുന്നണിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലും അദ്ദേഹം ഇതു വ്യക്തമാക്കി. മന്ത്രിമാര്‍ക്കെതിരെ ഇടതുമുന്നണിയുടെ എംഎല്‍എമാര്‍ നടത്തുന്ന വിമര്‍ശനങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്നും അതുതുടര്ന്നാല് പാര്‍ട്ടി തലത്തില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും പിണറായി സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്.
ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നീണ്ടു പോകുന്നതില്‍ ടൂറിസം വകുപ്പിന്റെ അലംഭാവം കടകംപള്ളി ആരോപിച്ചതും വനം വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് വനാതിര്‍ത്തിയില്‍ ഉള്ളവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് വാഴൂര്‍ സോമന് തുറന്നടിച്ചതുമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. കടകംപള്ളി മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഉന്നമിട്ടപ്പോള്‍ വാഴൂര്‍ സോമന്റെ ആക്രമിച്ചത് എന്‍സിപിയുടെ മന്ത്രി എ.കെ. ശശീന്ദ്രനെയായിരുന്നു. കടകംപള്ളിയെ മാത്രം വിമര്‍ശിച്ചാല്‍ അത് പല വ്യാഖ്യാനങ്ങള്‍ക്കും ഇടനല്കും. അതുകൊണ്ടാണ് വാഴൂര്‍ സോമനെ കൂടി വിമര്‍ശിച്ചതെന്ന വിലയിരുത്തല്‍ ശക്തമാണ്. കടകം പിള്ളി സുരേന്ദ്രന് മുഖ്യമന്ത്രി വിളിച്ച യോഗത്തിന് വന്നില്ല. വാഴൂര്‍ സോമന് തന്റെ എതിര്‍പ്പ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിക്കുകയും ചെയ്തു.അതേ സമയം മുഖ്യമന്ത്രിയുടെ ഈ നടപടിയില്‍ ഇടതുമുന്നണിക്ക് അകത്തുതന്നെ വലിയ എതിര്‍പ്പുണ്ട്. നേരത്തെ കെബി ഗണേശ്കുമാര്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനെതിരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി മിണ്ടാതിരുന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.പൊതുമരാമത്ത് മന്ത്രിക്കെതിരെ ഉയരുന്ന ഏത് വിമര്‍ശനവും തനിക്കെതിരെ ഉയരുന്ന വിമര്‍ശനമാണ് എന്ന് പിണറായി വിജയന് നന്നായി അറിയാം. അതുകൊണ്ടുതന്നെ അത്തരം വിമര്‍ശനങ്ങളെ ഉറവിടത്തില്‍ വച്ചു തന്നെ സംസ്കരിക്കേണ്ടത് അനിവാര്യമാണെന്നും പിണറായി കരുതുന്നു. അദ്ദേഹം പ്രതീക്ഷിച്ചതിനെക്കാള്‍ അപ്പുറത്തുള്ള വിമര്‍ശനങ്ങളാണ് ജില്ലാ കമ്മിറ്റികളില്‍ നിന്നുണ്ടാകുന്നത്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ശക്തിപ്പെട്ടുവരികയാണെന്നും ആ വിഭാഗീയത തനിക്ക് അപകടമാണെന്നുമുള്ള തിരിച്ചറിവ് പിണറായിക്ക് നന്നായുണ്ട്. ഇത്തരം പ്രവണതകള്‍ പാര്‍ട്ടിക്കുള്ളില്‍ അനുവദിച്ചുകൊടുത്താല്‍ ് പിന്നീട് അത് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറുമെന്നും അദ്ദേഹം കരുതുന്നു.
സിപിഎമ്മിലെ എംഎല്‍എമാരുടെ ഇടയില്‍ തന്നെ ചേരിതിരിവ് ദൃശ്യമായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്ന ചെറുപ്പക്കാരും എതിര്‍ക്കുന്ന സീനിയര്‍ നേതാക്കളും എന്ന രിതിയിലാണ് ചേരിതിരിവുണ്ടായിട്ടുള്ളത്. സ്പീക്കര്‍ എഎന്‍ ഷംസീറിനെപ്പോലുള്ളവര്‍ റിയാസ് വിരുദ്ധ പക്ഷത്താണ്. തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷും മുഹമ്മദ് റിയാസിനോട് വലിയ താല്പര്യമില്ലാത്തയാളാണ്. സിപിഎം സംസംഥാന സെക്രട്ടറി എംവി ഗോവിന്ദന് അടക്കമുള്ളവരും പിണറായിയെ അംഗീകരിക്കുമെങ്കിലും റിയാസിന്റെ ഇടപടെലുകളോട് കടുത്ത എതിര്‍പ്പുള്ളവരാണ്.
മുഹമ്മദ്റിയാസിനെതിരെയുള്ള നീക്കങ്ങള്‍ക്കെതിരെ പിണറായി കടുത്ത ജാഗ്രതയിലാണ്. നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന സിപിഎം സമ്മേളനത്തിലൂടെ കേന്ദ്ര കമ്മിറ്റിയിലെത്താനാണ് മുഹമ്മദ് റിയാസിന്റെ നീക്കമെന്നാണ് സിപിഎമ്മിലെ റിയാസ് വിരുദ്ധര്‍ ആരോപിക്കുന്നത്. ആ നീക്കത്തെ അവര്‍ തടയാന്‍ ശ്രമിക്കുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ സിപിഎമ്മില്‍ വിഭാഗീയത കടുക്കുമെന്ന കാര്യം ഉറപ്പാണ്.