

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദഹനപ്രശ്നത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് സ്റ്റാലിനെ പ്രവേശിപ്പിച്ചത്. എന്നാൽ പതിവ് ആരോഗ്യപരിശോധനകൾക്കായാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിലാണ് മുഖ്യമന്ത്രിയുള്ളത്. അദ്ദേഹം ചൊവ്വാഴ്ച ആശുപത്രി വിടുമെന്നാണ് അറിയുന്നത്. നേരത്തെ, സംസ്ഥാനത്തെ റോഡ്, പാലം പ്രവൃത്തികളുടെ തൽസ്ഥിതി അവലോകന യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. യോഗത്തിനിടെ അദ്ദേഹത്തിന് ക്ഷീണം തോന്നി. ഇതേത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.