കൊച്ചി : കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നെന്ന് സിപിഎം നേതാവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അധ്യക്ഷനുമായ എംകെ കണ്ണന്. ചോദ്യം ചെയ്യലിനിടെ തനിക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ കണ്ണന് തള്ളി.
ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നു. നേരത്തേ അവസാനിപ്പിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, ഇത്ര നേരം പോരേ എന്ന് കണ്ണന് മറുപടി നല്കി. ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായിട്ടില്ല. താന്‍ ആരോഗ്യവാനാണ്. ഭാര്യയെയും മക്കളെയും പേടിപ്പിക്കാനായിരിക്കും അങ്ങനെയൊരു വാര്‍ത്ത വന്നതെന്ന് കണ്ണന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
ചോദ്യം ചെയ്യല്‍ സംബന്ധിച്ച് നേരത്തെ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് കണ്ണന് പറഞ്ഞു. ഇഡി ഇനിയും ആവശ്യപ്പെട്ടാലും വരുമെന്ന് അദ്ദേഹം അറിയിച്ചു.
അതിനിടെ, കണ്ണന് നിസ്സഹകരിച്ചതിനാലാണ് ചോദ്യം ചെയ്യല്‍ നേരത്തെ അവസാനിപ്പിച്ചതെന്ന് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.