കൊൽക്കത്ത: വർഷങ്ങൾക്കു ശേഷം ഐപിഎല്ലിൽ തിരിച്ചെത്തിയ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ആദ്യ മത്സരത്തിൽ നടത്തിയത് ദയനീയ പ്രകടനം. നാല് ഓവറിൽ 53 റൺസാണ് സ്റ്റാർക്ക് വഴങ്ങിയത്. ലേലത്തിൽ 24.5 കോടി മുടക്കിയ കൊൽക്കത്ത സ്വന്തമാക്കിയ സ്റ്റാർക്കിന്റെ പ്രകടനം ഒരു ഘട്ടത്തിൽ ടീമിനെ തോൽപ്പിക്കുന്ന നിലവരെ എത്തി. മികച്ചൊരു ഡെത്ത് ഓവർ സ്പെഷലിസ്റ്റിനെ ടീമിലെടുത്തെന്ന ആശ്വാസത്തിൽ കളിക്കാനിറങ്ങിയ കൊൽക്കത്തയെ, നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ആദ്യ മത്സരത്തിൽ സ്റ്റാർക്കിന്റേത്.
കളി കൊൽക്കത്ത ജയിച്ചെങ്കിലും സ്റ്റാർക്കിന് വൻ വിമർശനം നേരിടേണ്ടിവന്നു. താരം എറിഞ്ഞ 19–ാം ഓവറിൽ 26 റൺസാണ് സൺറൈസേഴ്സ് അടിച്ചെടുത്തത്. നിലം തൊടാതെ ഗാലറിയിലെത്തിയത് നാലു സിക്സുകൾ.
ആദ്യ രണ്ട് ഓവറുകളിൽ 12 ഉം 10 ഉം റൺസുകളാണ് സ്റ്റാർക്ക് വഴങ്ങിയത്. മൂന്നാം ഓവറിൽ അഞ്ചു റൺസ് മാത്രം വിട്ടുകൊടുത്ത സ്റ്റാർക്ക് തിരിച്ചുവരുമെന്നു തോന്നിച്ചെങ്കിലും 19–ാം ഓവറിൽ കളി കൈവിട്ടു. താരത്തിനു വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.
ഇന്ത്യൻ ബോളർ ഹർഷിത് റാണയെറിഞ്ഞ അവസാന ഓവറിലാണ് കളി കൊൽക്കത്തയ്ക്ക് അനുകൂലമായത്. 20–ാം ഓവറിലെ അഞ്ചാം പന്തിൽ ക്ലാസനെ പുറത്താക്കി ഹർഷിത് കളി മാറ്റുകയും ചെയ്തു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റിന് 204 റൺസെടുക്കാൻ മാത്രമാണു ഹൈദരാബാദിനു സാധിച്ചത്. അർധ സെഞ്ചറിയും രണ്ടു വിക്കറ്റുകളും നേടിയ ആന്ദ്രെ റസ്സലാണു കളിയിലെ താരം.