കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
സുരേഷ് ഗോപി മോശം ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറി എന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്കിയ പരാതിയില്‍ മാധ്യമപ്രവർത്തക പറയുന്നത്. ഇന്നലെയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവയ്ക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയിട്ടും വീണ്ടും ഇത് ആവര്‍ത്തിച്ചു.
ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി. തുടർന്ന് മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. മകളെപോലെയാണ് കണ്ടതെന്നും ഒരച്ഛനെപ്പോലെ മാപ്പുപറയുന്നുവെന്നും സുരേഷ് ഗോപി സമൂഹ മാധ്യമത്തില്‍ കുറിച്ചു. അതേസമയം, സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ വിവാദത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പൊതു പ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവർ പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.