കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പരാതി വ്യാജമെന്ന് ഹൈക്കോടതി കണ്ടെത്തി . പോക്സോയും മറ്റ് വിവിധ വകുപ്പുകളും ചേര്‍ത്ത് അച്ഛനെതിരെ മകള്‍ നല്കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജസ്റ്റിസ് പി ഗോപിനാഥ് ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടു.
മകള്‍ക്ക് ഒരു ആണ്‍കുട്ടിയുമായുള്ള ബന്ധം എതിര്‍ത്തതാണ് പിതാവിനെതിരെ പരാതിപ്പെടാനുണ്ടായ കാരണം. പിതാവിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണെന്ന് കേസ് റദ്ദാക്കുന്നതെന്നു കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത മകളെ ആണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മനസിലായപ്പോള്‍ പരാതി നല്‍കണമെന്ന് പിതാവ് നിര്‍ബന്ധിച്ചു. എന്നാല്‍ പിതാവ് പീഡിപ്പിച്ചുവെന്ന് പരാതി നല്കാന് ആണ്‍കുട്ടി പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. കേസ് നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെ പരിഗണനയിലായിരുന്നു. തനിക്കെതിരെയുള്ള കള്ളക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആണ്‍കുട്ടിയുമായുള്ള ബന്ധത്തെ എതിര്‍ത്ത പിതാവിനെതിരെ മകള്‍ വ്യാജ പരാതി നല്‍കിയെന്ന് കാണിച്ച് അമ്മ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കുടുംബം മുഴുവന്‍ പിതാവിനെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്ന് വിക്ടിം റൈറ്റ്സ് സെന്റര്‍ നല്കിയ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. ഇരയുടെ അമ്മ, മുത്തച്ഛന്, മാതൃസഹോദരന്മാര് എന്നിവരുള്‍പ്പെടെ ഇരയുടെ അടുത്ത ബന്ധുക്കളുമായി വിക്ടിം റൈറ്റ്സ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ നേരിട്ട് സംസാരിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.