ധാക്ക: ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി വനിതാ ക്രിക്കറ്റ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറും. ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ കേരള താരം മിന്നു മണിയും. താരത്തിന്റെ സീനിയർ ടീമിലെ അരങ്ങേറ്റം മിർപുരിൽ നടക്കും. മിന്നുവിനൊപ്പം നടാടെ ടീമിലെത്തിയ അനുഷ് റെഡ്ഡിയും പ്ലെയിങ് ഇലവനിൽ അരങ്ങേറും. അനുഷയ്ക്ക് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മിന്നു മണിയ്ക്ക് ഓപ്പണർ സ്മൃതി മന്ധാനയും ഇന്ത്യൻ ക്യാപ് കൈമാറി.
ചരിത്രമെഴുതിയാണ് വയനാടുകാരിയായ മിന്നു ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്. ഇന്ത്യൻ വനിതാ ടീമിൽ ഇടം കണ്ടെത്തിയ ആദ്യ മലയാളി താരമെന്ന ഒരിക്കലും മായാത്ത റെക്കോർഡ് സ്ഥാപിച്ചാണ് ഓൾ റൗണ്ടറായ മിന്നു ടി20 ടീമിൽ ഇടംപിടിച്ചത്. വനിതാ ഐപിഎൽ കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡും മാസങ്ങൾക്ക് മുൻപ് ഡൽഹി ക്യാപിറ്റൽസിനായി കളത്തിലിറങ്ങി മിന്നു സ്ഥാപിച്ചിരുന്നു. ഇടം കൈ ബാറ്ററും വലം കൈ സ്പിന്നറുമാണ് മിന്നു. ടീമിലെ പ്രധാന ഓൾറൗണ്ടർമാരിൽ ഒരാളും താരം തന്നെ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ മിന്നു മണിക്ക് പുറമേ, വിക്കറ്റ് കീപ്പർ ഉമ ഛേത്രി, ബൗളർമാരായ അനുഷ റെഡ്ഢി, റാഷി കനോജിയ എന്നീ പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.