തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിൽ തിരച്ചിൽ തുടരുന്നത് സംബന്ധിച്ച് സൈന്യം തീരുമാനമെടുക്കട്ടെയെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം. മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരാനും തീരുമാനമായി. വയനാട്ടിൽ ദുരന്തബാധിത മേഖലകളിലെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യാനായി ഇന്ന് രാവിലെ ഓൺലൈനായാണ് മന്ത്രിസഭാ യോഗം കൂടിയത്.
പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമാണം രാജ്യത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കാനും ക്യാന്പുകളിൽ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. ദുരിത ബാധിതർക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.