തിരുവനന്തപുരം : കരുവന്നൂരില്‍ നിക്ഷേപര്‍ക്ക് നഷ്ടമായ പണം തിരികെ നല്കാന് നടപടിയെടുക്കുമെന്നു സഹകരണ മന്ത്രി വി എന്‍ വാസവന്. സമയ പരിധി നിശ്ചയിക്കാതെ തന്നെ പണം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. കരുവന്നൂരില്‍ 2017 മുതല്‍ ക്രമക്കേടുണ്ടെന്നു മന്ത്രി തുറന്നു സമ്മതിച്ചു.
നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. അമ്പതിനായിരത്തില്‍ താഴെയുള്ള നിക്ഷേപം ഉടന്‍ തിരികെ നല്‍കും. ഒരു ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് അമ്പതിനായിരം രൂപ തിരികെ നല്‍കും.
കരുവന്നൂരില്‍ 506 കോടിയിലേറെ രൂപ തിരികെ കിട്ടാനുണ്ട്. നിലവിലെ വിഷയങ്ങള്‍ പരിഹരിക്കാന്‍ 50 കോടി രൂപ ഉടന്‍ കണ്ടെത്തും. കരുവന്നൂര്‍ ബാങ്കിനു വസ്തു ആസ്തിയുണ്ട്. ഇതു പണയപ്പെടുത്താനാകും.
ഇഡി ആധാരം കൊണ്ടു പോയത് ബാങ്കിനെ ബാധിച്ചുവെന്നു വാസവന് ആവര്‍ത്തിച്ചു. 184.2 കോടി രൂപ തിരികെ അടയ്ക്കാന്‍ വായ്പയെടുത്ത സാധാരണക്കാര്‍ തയ്യാറാണ്. പക്ഷേ ആധാരം കൈമാറാത്തതിനാല്‍ ഈ തുക ലഭിക്കുന്നില്ല.
കരുവന്നൂരില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേരള ബാങ്കില്‍ നിന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിക്കും. കേരള ബാങ്കിന്റെ പ്രമുഖ ഉദ്യാഗസ്ഥനെ ചീഫ് എക്സിക്യൂട്ടിവാക്കു. സഹകരണ ബാങ്കുകളിലെ തട്ടിപ്പ് നേരിടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.