കോഴിക്കോട് : ഓരോ മതവിഭാഗങ്ങളിൽ പെടുന്നവർക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ തട്ടം ധരിക്കുന്നതിന് നിരോധനമില്ലെന്നുംയൂണിഫോമിനൊപ്പം മുസ്ലിം പെൺകുട്ടികൾക്ക് തട്ടവും ധരിക്കാൻ അനുവാദമുണ്ടെന്നും മന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്ഥിതി അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഓരോ മതത്തിനും അവരുടെ ആചാരപ്രകാരമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോം ഉണ്ട്. യൂണിഫോം ഉണ്ടെങ്കിലും മതപരമായ പ്രത്യേകതകളുടെ പേരിൽ മുസ്ലിം പെൺകുട്ടികൾ തട്ടം ധരിക്കുന്നത് നമ്മൾ ഒരിടത്തും നിരോധിച്ചിട്ടില്ല. പക്ഷേ, ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അതെല്ലാം നിരോധിക്കപ്പെട്ടിരിക്കുകയാണ്. അവിടെയെല്ലാം ഇതിനെതിരെ ശക്തമായി ശബ്ദമുയർത്തിയിട്ടുള്ളത് എസ്എഫ്ഐയും മതേതര ജനാധിപത്യ പ്രസ്ഥാനവുമാണ്.’ – മന്ത്രി പറഞ്ഞു.
സിപിഎം സംസ്ഥാന സമിതി അംഗമായ കെ അനില്‍കുമാറിന്റെ തട്ടം പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും, ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന.