തിരുവനന്തപുരം : മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞു. കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലെ സിഗ്നലില്‍ വച്ച് മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് മറിഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗിയുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. ഇടിയില്‍ ആംബുലന്‍സ് ഭാഗികമായി തകര്‍ന്നു. ആംബുലന്‍സ് ഡ്രൈവര്‍, രോഗി, കൂട്ടിരിപ്പുകാരന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.