തിരുവനന്തപുരം : കേരളതീരത്ത് കപ്പല്‍ മുങ്ങിയ പശ്ചാത്തലത്തില്‍ കടല്‍ മത്സ്യം കഴിക്കരുതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി സജി ചെറിയാന്. മത്സ്യം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.
വിഷാംശമുള്ള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അപകടകരമായ സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാജ പ്രചാരണം എക്സ്പോര്‍ട്ടിങ് സ്ഥാപനങ്ങളെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത നല്കിയ മാധ്യമത്തിനെതിരെ കേന്ദ്രവുമായി കൂടിയാലോചിച്ച് നടപടിയെടുക്കും. നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാംപയിന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
കണ്ടെയ്നറുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗതിയിലാണെന്നും നിലവില്‍ അപകടരമായ കണ്ടെയ്നറുകള്‍ ഒന്നും ഇതുവരെ വന്നിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പതിന് ആരംഭിക്കുമെന്നും 52 ദിവസമായിരിക്കും ട്രോളിങ് നിരോധനമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.