തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. ആരോപണത്തിന്റെ പേരില്‍ കേസെടുക്കാനാകില്ല. പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് പരിശോധിക്കും. കുറ്റം ചെയ്യുന്നവര്‍ക്കെതിരേ വിട്ടുവീഴ്ച ഉണ്ടാകില്ല. എന്നാല്‍ നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. മാധ്യമങ്ങള്‍ വഴി ഉന്നയിച്ച മൊഴിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താന്‍ കഴിയു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ പരാതിയില്ലാതെ കേസെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ് നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി. സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന് ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ല. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല.ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. 2009-10 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു.
എന്നാല്‍ ആക്ഷേപം രഞ്ജിത് നിഷേധിച്ചിരുന്നു. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് ശ്രീലേഖ മിത്രയെ പരിഗണിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.പക്ഷെ, ശ്രീലേഖ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നതെന്നും ഡോക്യുമെന്ററി സംവിധായകന് ജോഷി വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലേഖ പറഞ്ഞ കാര്യങ്ങള്‍ എവിടെ വേണമെങ്കിലും പറയാമെന്നും അദ്ദേഹം പറഞ്ഞു.