

തിരുവനന്തപുരം : തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനെ (സിഇടി) ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ഘടകകോളജ് (അഫിലിയേറ്റ് പദവിയില്‍ നിന്ന് കോണ്‍സ്റ്റിറ്റ്യുവന്റ് കോളജിലേക്ക്) ആക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സിഇടിയെ കെടിയുവിന്റെ ഭാഗമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ നീക്കം സിഇടിയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. തീരുമാനങ്ങളെല്ലാം സര്‍വ്വകലാശാലയുടേതാകുമെന്നും ഇത് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അവര്‍ പറയുന്നു.
കെടിയു രൂപീകരിച്ചിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ വലിയ കുറവ് അവിടെയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. 10 വര്‍ഷമായി അടിസ്ഥാന സൗകര്യ വികസനത്തിന് ഒന്നും ചെയ്തില്ല. അതുകൊണ്ടുതന്നെ റാങ്കിങ്ങില്‍ ഉള്‍പ്പെടെ വലിയ പോരായ്മകളും തിരിച്ചടികളും സര്‍വ്വകലാശാല നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കെടിയുവിനെയും സിഇടിയെയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമാണ് സിഇടിയെ സര്‍വ്വകലാശാലയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുമെന്നും എല്ലാവര്ക്കും സമ്മതമാകുന്ന രീതിയില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്നും മന്ത്രി ഉറപ്പുനല്‍കി.