തിരുവനന്തപുരം : നാലുവർഷ ബിരുദ പരീക്ഷാ ഫീസ് വർധിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി ആർ ബിന്ദു. വർധന പഠിക്കാൻ സർവകലാശാലാതലത്തിൽ സമിതി വേണം. പഠനം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നും മന്ത്രി അറിയിച്ചു.
വിസിമാരുടെയും രജിസ്ട്രാർമാരുടെയും യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഫീസ് വർധനയുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ നിർദേശം സമർപ്പിക്കാൻ രജിസ്ട്രാർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതത് യൂനിവേഴ്സിറ്റികളിൽ ചർച്ച നടത്തി തീരുമാനിക്കാം. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത സെമസ്റ്റർ മുതൽ സർക്കാർ നിർദേശപ്രകാരം മാത്രമേ ഫീസ് നിശ്ചയിക്കാവൂവെന്നും മന്ത്രി ആർ ബിന്ദു നിർദേശിച്ചിട്ടുണ്ട്.