കൊച്ചി : നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ വിമര്‍ശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബിജെപിയുടെ രഹസ്യ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രശ്നമെന്നും മുഹമ്മദ് റിയാസ്പറഞ്ഞു. ചിറ്റൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
”കോണ്‍ഗ്രസിന്റെ പരാജയം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ ശരിയായ അര്‍ഥത്തില്‍ ബിജെപിക്കെതിരെ പോരാടാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. തമ്മിലടി പ്രധാന പ്രശ്നമായി വരികയാണ്. തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണം. കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടു മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഗത നേട്ടങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ നയങ്ങളെ എതിര്‍ക്കാതിരിക്കുന്ന കാഴ്ചയാണ് രാജസ്ഥാനില്‍ ഉള്‍പ്പെടെ കാണുന്നത്. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചത് സര്‍ക്കാരിന്റെ മികച്ച ഭരണം മൂലമാണ് എന്ന് രാജസ്ഥാന് മുഖ്യമന്ത്രി പ്രകീര്‍ത്തിക്കുന്നു. അതേ സമയം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം നില്‍ക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.