കൊല്ലം : പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി നിയമമന്ത്രി പി. രാജീവ്. കേരളത്തിൽ സുരക്ഷിതമായി ഏതൊരാൾക്കും നടക്കാൻ കഴിയുമെന്നാണ് മിഠായിത്തെരുവിലൂടെയുളള യാത്രയിലൂടെ ഗവർണർ തെളിയിച്ചതെന്ന് രാജീവ് പറഞ്ഞു.
സർവകലാശാലകളെ അച്ചടക്കം പഠിപ്പിക്കുമെന്നാണ് ഗവർണർ പറയുന്നത്. ഗവര്‍ണര്‍ക്ക് നല്ല അച്ചടക്കമാണല്ലോ എന്നും മന്ത്രി പരിഹസിച്ചു.
നേരത്തെ, ഗവർണറെ വിമർശിച്ച് മറ്റു മന്ത്രിമാരും രംഗത്തെത്തിയിരുന്നു. കൊല്ലത്ത് നവകേരള സദസിനെത്തിയ മന്ത്രിമാർ പ്രഭാതനടത്തത്തിനിടെയാണ് മാധ്യമങ്ങളോടു പ്രതികരിച്ചത്.
മിഠായിത്തെരുവിൽ ഗവര്‍ണര്‍ നടത്തിയത് പ്രൈം ടൈം കോമഡിയെന്ന് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. പോലീസിനെ അറിയിക്കാതെയുള്ള ഗവര്‍ണറുടെ നടപ്പിന്റെ അര്‍ഥം എന്താണ്. എന്നെ ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് ഏതോ സിനിമയില്‍ ജഗതി നടക്കുന്നതുപോലെയായിരുന്നു. പരിഹാസ കഥാപാത്രമായി ഗവര്‍ണര്‍ മാറിയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന് പ്രഖ്യാപിക്കുന്ന നിലയിലായിരുന്നു ഗവര്‍ണറുടെ തെരുവിലൂടെ നടത്തമെന്നും അതിന് ഗവര്‍ണറോട് നന്ദി പറയുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഗവര്‍ണര്‍ ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കേരളത്തിലെവിടെയെങ്കിലും മത്സരിച്ചാല്‍ ഹല്‍വ തന്ന കൈകൊണ്ട് തന്നെ ജനങ്ങള്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.