കൊച്ചി : കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്. ഒരു ജില്ലയിലെ പാര്‍ട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളില്‍ ഇടപെടാറില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പലതും ഇനിയും വരുമെന്നും പി രാജീവ് പ്രതികരിച്ചു. കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവിന്റെ സമ്മര്‍ദ്ദമുണ്ടായെന്ന ഇഡി വെളിപ്പെടുത്തലില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തിലാണ് പി രാജീവിനെതിരായ ഇഡി വെളിപ്പെടുത്തല്‍. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പില്‍ പങ്കുള്ളയാള്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് കോടതി ഇഡിയോട് വിശദീകരണം തേടിയിരുന്നു. ഹൈക്കോടതിക്ക് നല്കിയ വിശദീകരണത്തിലാണ് പി രാജീവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവ് ഉള്‍പ്പടെ നിരവധി സിപിഎം നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.സിപിഎം ലോക്കല്‍, എരിയാ കമ്മറ്റികളുടെ പേരില്‍ ഒട്ടേറെ രഹസ്യ അക്കൗണ്ടുകളിലൂടെ പണം നിക്ഷേപിച്ചതായും ഇഡിയുടെ വിശദീകരണത്തില്‍ പറയുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി രാജീവ് സമ്മര്‍ദം ചെലുത്തിയതെന്നുമാണ് ഇഡിയുടെ ആരോപണം.