തിരുവനന്തപുരം : ‘ഞങ്ങള്‍ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വേദിയിലും. @ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്’ എന്ന തലക്കെട്ടിലാണ് മന്ത്രി മുഹമ്മദ് റിയാസ് ചിത്രം ഷെയര്‍ ചെയ്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് വേദിയില്‍ സീറ്റ് അനുവദിച്ചതിനെ പരിഹസിച്ചുകൊണ്ടാണ് മന്ത്രി റിയാസിന്റെ പോസ്റ്റ്.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിക്ക് നേരത്തെ തന്നെ വേദിയിലെത്തി സീറ്റുപിടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന ധനമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മണിക്കൂറുകള്‍ക്ക് മുമ്പേയെത്തി വേദിയില്‍ കയറി ഇരിക്കുകയാണ്. എന്നിട്ട് മുദ്രാവാക്യം വിളിക്കുന്നു. വിളമ്പുന്നവന് ഇല്ലെങ്കില്‍ കഴിക്കുന്നവനെങ്കിലും നാണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
നിങ്ങള്‍ വേദിയിലേക്ക് നോക്കൂ. മന്ത്രിമാര്‍ പലരും സദസ്സിലാണ് ഇരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് വേദിയില്‍ ഇരിക്കേണ്ടവരെ നിശ്ചയിച്ചത്. ശരിയാണ്, എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷെ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇത്തരമൊരു അവസരം നല്‍കിയിട്ടുള്ളത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഇരിക്കുന്ന വ്യക്തിയെങ്കിലും ഇതില്‍ അല്പം മാന്യത കാണിക്കണ്ടേ. എന്നിട്ട് സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്പത്തരമല്ലേ. ജനാധിപത്യ വിരുദ്ധമാണ്. ഇതൊന്നും മലയാളി പൊറുക്കില്ല. എല്ലാ മന്ത്രിമാരും വേദിയില്‍ ഇരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല, അതില്‍ പരാതിയുമില്ല. സെലക്ട് ചെയ്തയാളുകള്‍ മാത്രം ഇരുന്നാല്‍ മതി. എന്നാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് മാത്രമായ ഒരു വ്യക്തിക്ക് വേദിയില്‍ സീറ്റ് അനുവദിച്ചതിനുള്ള മാനദണ്ഡം എന്താണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം വി ഗോവിന്ദന് സദസ്സിലാണ് ഇരിക്കുന്നത്. വേറെ ഏതു പാര്‍ട്ടി സംസ്ഥാന നേതാവിനാണ് വേദിയില്‍ സീറ്റ് അനുവദിച്ചിട്ടുള്ളത്. ഇത് ജനാധിപത്യ വിരുദ്ധവും അല്‍പ്പത്തം നിറഞ്ഞതുമായ സമീപനമാണ്. ഞങ്ങള്‍ക്ക് അധികാരമുണ്ടെങ്കില്‍ എന്തു വൃത്തികേടും കാണിക്കുമെന്നാണ് ബിജെപി ഇതിലൂടെ സൂചിപ്പിക്കുന്നത്. ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് സ്വീകരിക്കുന്ന നിലപാടിന് ഉദാഹരണമാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്തിയതിലൂടെ പ്രകടമാകുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.