കല്‍പ്പറ്റ : മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികളില്‍ താമസം വന്നാല്‍ ജനകീയ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ അംഗത്തിന് ജോലി നല്കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിന്് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. അതിനുശേഷം മൃതദേഹം അല്‍പ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുല്പള്ളി അമരക്കുനിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യമായാണ് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന് കൊല്ലപ്പെടുന്നത്.