തിരുവനന്തപുരം: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടി തിരച്ചില്‍ നടക്കുന്ന ഷിരൂരിലേക്ക് മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പോകും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതു പ്രകാരമാണ് മന്ത്രിമാര്‍ ഷിരൂരിലെത്തുന്നത്.
ഉച്ചയോടെ മന്ത്രിമാര്‍ സംഭവസ്ഥലത്തെത്തും. അര്ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്കു കടന്നു. ഗംഗാവലി നദിയിലുള്ള അർജുന്റെ ട്രക്ക് കരയ്ക്കെത്തിക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും അല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.