തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന (പിഎംഎവൈ) പദ്ധതി ആനുകൂല്യം ലഭിച്ച വീടുകളിൽ കേന്ദ്ര സർക്കാരിന്റെ ബ്രാൻഡ് ലോഗോ നിർബന്ധമായി പ്രദർശിപ്പിക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം പുനഃപരിശോധിക്കണമെന്നും അതിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ച് മന്ത്രി എം.ബി.രാജേഷ്.
ധനസഹായം ലഭിച്ച പാവപ്പെട്ടവരെന്ന സൂചനയില്ലാതെ അന്തസോടെ ജീവിക്കാനുള്ള അവകാശവും ജനാധിപത്യ മൂല്യങ്ങളും പരിഗണിച്ച് ഇത്തരമൊരു ബ്രാൻഡിംഗിൽ നിന്ന് ഗുണഭോക്താക്കളെ ഒഴിവാക്കണമെന്നാണ് എം.ബി. രാജേഷിന്റെ കത്തിൽ പറയുന്നത്.ഭരണഘടനയിലെ മൗലികാവകാശങ്ങളിലൊന്നായ അന്തസോടെ ജീവിതം എന്നത് ഉയർത്തിപ്പിടിക്കാനും വിവേചനമില്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശം മാനിച്ചുമാണ് സംസ്ഥാന സർക്കാരിന്റെ ഭവനപദ്ധതിയായ ലൈഫ് മിഷനെ ഇപ്രകാരം ബ്രാൻഡ് ചെയ്യേണ്ടെന്ന് തീരുമാനിച്ചതെന്നും കത്തിൽ പറയുന്നുണ്ട്.
ലൈഫ് മിഷൻ പദ്ധതി വഴി സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നാലു ലക്ഷം രൂപ വീതമാണ് ഭവനരഹിതർക്കു വീടു നിർമിക്കാൻ സഹായം നൽകുന്നത്. കഴിഞ്ഞ മാസം 31 വരെ 3,56,108 വീടുകളാണു ലൈഫ് പദ്ധതിയിൽ നിർമിച്ചത്.ഇതിൽ 79,86 വീടുകൾ പിഎംഎവൈ അർബൻ വിഭാഗത്തിലും 32,171വീടുകൾ പിഎംഎവൈ ഗ്രാമീൺ വിഭാഗത്തിലുമാണ്. പിഎംഎവൈ അർബൻ വിഭാഗത്തിൽ കേന്ദ്രവിഹിതമായ 1.5 ലക്ഷം രൂപയ്ക്കു പുറമേ 2.50 ലക്ഷം രൂപ ഗുണഭോക്താവിനു നൽകുന്നത് സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളുമാണ്. പിഎംഎവൈ ഗ്രാമീൺ വിഭാഗത്തിൽ 3.28ലക്ഷം രൂപയും അധികമായി നൽകുന്നു. സ്വന്തം ധനസ്രോതസുകളിൽ നിന്ന് അധിക സംഭാവന വഴി പിഎംഎവൈ പദ്ധതി ശക്തിപ്പെടുത്തുകയാണ് സംസ്ഥാനം ചെയ്യുന്നതെന്നും രാജേഷിന്റെ കത്തിൽ പറയുന്നു.