മലപ്പുറം : കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് മന്ത്രി എം.ബി രാജേഷ്. തിരികെ സ്കൂളിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണിത്.
മലപ്പുറം മക്കരപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തിയ കുടുംബശ്രീ പ്രവര്‍ത്തകരാണ് സിനിമാ ഗാനത്തിന് ചുവടുവെച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും സ്കൂളിലെത്തിയ ലക്ഷക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതുപോലെ സന്തോഷ തിമിര്‍പ്പിലാണെന്നും മന്ത്രി കുറിച്ചു.
മന്ത്രി എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :-
ഈ സന്തോഷവും ആഘോഷവും ഒന്ന് കണ്ടുനോക്കൂ. സരോജനി ചേച്ചിയുടെയും ശാന്തേച്ചിയുടെയും നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയില്‍ ആടിപ്പാടുകയാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും സ്കൂളിലെത്തിയ ലക്ഷക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇപ്പോളിതുപോലെ സന്തോഷത്തിമര്‍പ്പിലാണ്.
ആഘോഷത്തിനൊപ്പം കൂടുതല്‍ ഐക്യബോധവും ആശയദൃഢതയുമുള്ളവരായി അവര്‍ മാറുന്നു. ‘തിരികെ സ്കൂളിലേക്ക്’ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് മലപ്പുറം ജില്ലയിലെ മക്കരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍.
രണ്ട് ഘട്ടങ്ങളിലായി ഇതിനകം 6,14,752 പേര് ക്യാമ്പയിനിന്റെ ഭാഗമായി എന്നത് അഭിമാനകരമായ നേട്ടമാണ്. സരോജനി ചേച്ചിയും ശാന്തേച്ചിയുമുള്പ്പെടെ വിദ്യാര്‍ത്ഥികളായി സ്കൂളില്‍ വീണ്ടുമെത്തിയ എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും സ്നേഹാഭിവാദ്യങ്ങള്‍