തിരുവനന്തപുരം : ആശ വര്‍ക്കര്‍മാരോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ നിലപാടാണ് ഉള്ളതെന്ന് മന്ത്രി എം ബി രാജേഷ്. സമരക്കാരുടെ പിടിവാശിയാണ് പ്രശ്നം നീണ്ടുപോകാന്‍ കാരണം. സമരക്കാര്‍ക്ക് നിര്‍ബന്ധബുദ്ധിയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരം ആരു ശ്രമിച്ചാലും പരിഹരിക്കാനാവില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതിപക്ഷം ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 2023 ഡിസംബറില്‍ 7000 രൂപയായി വര്‍ധിപ്പിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന പതിനായിരം രൂപയില്‍ 8,200 രൂപയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ബാക്കി തുകയില്‍ കേന്ദ്രം കുടിശ്ശിക വരുത്തുകയാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ കൊടിയ വഞ്ചനയാണ് ആശ വര്‍ക്കര്‍മാരോട് കാണിക്കുന്നത്.
ആശ വര്‍ക്കര്‍മാരുടെ തൊഴില്‍ഘടന പരിഷ്കരിക്കണമെന്നത് അടക്കമുള്ള സിഐടിയു-ഐഎന്‍ടിയുസി-എസ്ടിയു- എഐടിയുസി തുടങ്ങിയ എല്ലാ തൊഴിലാളിയൂണിയനുകളും ഉന്നയിക്കുന്ന നിലപാടിനൊപ്പമാണ് കേരളസര്‍ക്കാരും നിലകൊള്ളുന്നത്. ആശമാരെ ഹെല്‍ത്ത് വര്‍ക്കേഴ്സായി അംഗീകരിക്കണം. 2013 ലെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഏകകണ്ഠമായി ആശ പ്രവര്‍ത്തകരെ ഹെല്‍ത്ത് വര്‍ക്കേഴ്സായി അംഗീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നതാണ്. അങ്ങനെയെങ്കില്‍ വോളണ്ടിയേഴ്സ് എന്ന നിലയിലല്ലാതെ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിച്ചേനെ.
മോദി സര്‍ക്കാര്‍ വന്ന ശേഷം ഒരു തവണ മാത്രമാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് നടന്നത്. 2015 ല്‍ നടന്ന കോണ്‍ഫറന്‍സും ഏകകണ്ഠമായി ഈ ശുപാര്‍ശ മുന്നോട്ടുവെച്ചിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളും ഇവരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കൂട്ടിയില്ലെന്ന് മാത്രമല്ല, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ കഴിഞ്ഞ ദിവസവും ഇന്‍സെന്റീവ് കൂട്ടുന്നതിനെക്കുറിച്ച് ഒരു ഉറപ്പും നല്കാന് കൂട്ടാക്കിയിട്ടില്ല. ആദ്യം കൂട്ടുമെന്ന പറഞ്ഞ അദ്ദേഹം, പിന്നീട് ഇപ്പോള്‍ വര്‍ധിപ്പിക്കേണ്ട കാര്യമില്ലെന്നും ഭാവിയില്‍ ആലോചിക്കാമെന്നുമാണ് പറഞ്ഞത്.
കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നത് 1800 രൂപ മാത്രമാണ്. ആ 1800 രൂപയില്‍ ഒരു പൈസ വര്‍ധിപ്പിക്കാന്‍ തയ്യാറല്ലാത്ത കേന്ദ്രത്തിനെതിരെ ഒരു പ്രതിഷേധവും ഈ സമരത്തില്‍ ഇല്ല എന്നത് ആലോചിക്കേണ്ടതാണ്. അതുകൊണ്ടാണ് എല്ലാ യൂണിയനുകളും സമരത്തിന് ഒപ്പം നില്‍ക്കാത്തത്. നേരത്തെ ഓണറേറിയം ലഭിക്കണമെങ്കില്‍ 10 മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കണമായിരുന്നു. അതില്‍ മാറ്റം വരുത്തി ഈ മാസം 12 നാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതെന്നും മന്ത്രി രാജേഷ് നിയമസഭയില്‍ അറിയിച്ചു. ആശ വര്‍ക്കര്‍മാരുടെ ആവശ്യം ന്യായമാണെന്നും, സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതേച്ചൊല്ലി പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു.