തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവും ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ ഭാര്യയുമായ ആർ ലതാദേവി. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിന് എതിരായാണ് ലതാദേവി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് ഇവർ പരിഹസിച്ചു. സിപിഐ സംസ്ഥാന കൗൺസിലിലിൽ ആയിരുന്നു രൂക്ഷ വിമർശനം.
സംസ്ഥാന ബജറ്റിന് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ആലോചനയില്ലാതെ തയാറാക്കിയ ബജറ്റാണിതെന്നും വീണ്ടും അധികാരത്തില്‍ വരാന്‍ സഹായിച്ച സപ്ലൈകോയെ തീര്‍ത്തും അവഗണിച്ചതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബജറ്റ് തയാറാക്കുമ്പോള്‍ മുന്‍പൊക്കെ കൂടിയലോചന നടന്നിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. പാര്‍ട്ടി വകുപ്പുകളോട് ഭിന്നനയമാണ് എന്നുമായിരുന്നു വിമർശനം.
ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി.പി. ഉണ്ണികൃഷ്ണൻ വിമർശിച്ചു. വിദേശ സര്‍വകലാശാലക്ക് എതിരെയും വിമര്‍ശനം ഉയർന്നു. ഇതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അനാവശ്യ ചര്‍ച്ചയിലേക്ക് പോകരുതെന്നാണ് പറഞ്ഞത്.