മാനന്തവാടി : കണ്ണോത്ത്മലയിൽ ജീപ്പ് മറിഞ്ഞ് ഒന്പത് പേർ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വയനാട് മെഡിക്കൽ കോളജിൽ ജീപ്പപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി അടിയന്തരമായി പതിനായിരം രൂപ വീതം അനുവദിക്കാൻ കളക്ടർക്ക് മന്ത്രി നിർദേശം നൽകി. പകൽ മുഴുവൻ ജോലി ചെയ്ത് വീടുകളിലേക്ക് മടങ്ങിയ സാധാരണക്കാരയ തൊഴിലാളികളാണ് അപടകത്തിൽ മരിച്ചത്. ഇതിൽ അങ്ങേയറ്റം ദുഖമുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. പരിക്ക് ഗുരുതരമായ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. മറ്റു നാല് പേരുടെ ആരോഗ്യ നില പരിശോധിച്ച് ആവശ്യമുള്ള ചികിത്സ നൽകും.
ദുരന്തത്തിൽ ഇരയായവരുടെ കുടുംബത്തിന് സർക്കാർ സമാശ്വാസം നൽകും. മുഖ്യമന്ത്രി നേരിട്ട് നിർദേശം നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ഉടനടി സംഭവസ്ഥലത്ത് എത്തിയത്. അപകടത്തിൽ മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയതായും ശനിയാഴ്ച രാവിലെ തന്നെ പോസ്റ്റ് മോർട്ടം നടപടികൾ തുടങ്ങുമെന്നും വൈകാതെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അപടകടം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ ഡോ.രേണുരാജിനെ മന്ത്രി ചുമതലപ്പെടുത്തി.