തിരുവനന്തപുരം : ഓണക്കാലത്തെ പാലിന്റെ അധിക ഉപയോഗം മുന്നിൽ കണ്ട് ഒരു കോടി ലിറ്റർ പാൽ അധിക സംഭരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. ബിപിഎൽ ഓണക്കിറ്റിനായി ആറര ലക്ഷം യൂണിറ്റ് നെയ്യും, പായസക്കിറ്റും മിൽമ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അയൽസംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാലത്ത് പാലിന്റെ വരവ് മിൽമ ഉറപ്പാക്കിയിട്ടുള്ളത്. കോവിഡ് ഭീതി പൂർണമായും അകന്ന സമയമായതിനാൽ തന്നെ പാലും അനുബന്ധ ഉത്പന്നങ്ങളുടെയും വിൽപ്പന ഇക്കുറി സർവകാല റെക്കോർഡിലെത്തുമെന്നാണ് അനുമാനം.
ഓണത്തിന്റെ ഉത്സവദിനങ്ങളിൽ പാൽ 12 ശതമാനവും തൈര് 16 ശതമാനവും അധിക ഉപഭോഗം ഉണ്ടാകുമെന്നാണ് മിൽമ കണക്കുകൂട്ടുന്നത്. മറ്റ് ഉത്പന്നങ്ങൾക്കൊപ്പം നെയ്യ്, പായസം മിക്സ് എന്നിവയുടെ വിൽപ്പനയിലും റിക്കാർഡ് നേട്ടം മിൽമ പ്രതീക്ഷിക്കുന്നു.