കൽപറ്റ: വയനാട്ടിൽ ബെയ്ലി പാലം നിർമിക്കാനായുള്ള സാധാനസാമഗ്രികൾ ഉച്ചയോടെ എത്തിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കുന്നതിനുവേണ്ടിയാണ് ബെയ്ലി പാലം നിർമിക്കുന്നത്.
പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് മന്ത്രി അറിയിച്ചു. ബെയ്ലി പാലത്തിലൂടെ വാഹനങ്ങളും ടിപ്പറുകളും അടക്കം മുണ്ടക്കൈയില്‍ എത്തിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുന്നതിനു യന്ത്രങ്ങള്‍ അനിവാര്യമാണ്.ഈ സാഹചര്യത്തിലാണ് സൈന്യം ബെയ്ലി പാലം അതിവേഗം നിര്‍മിക്കാനൊരുങ്ങുന്നത്. യുദ്ധമുഖത്തെ നീക്കങ്ങള്‍ക്ക് വേണ്ടി സജ്ജമാക്കുന്ന അതിവേഗ പാലമാകും ചൂരല്‍മലയില്‍ നിര്‍മിക്കുക. ദുരന്തം ഏറ്റവും അധികം ബാധിച്ച ചൂരൽമലയിൽ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നാല് സംഘങ്ങളായി 150 സൈനികരാണ് ചൂരൽമലയിൽ രക്ഷാദൗത്യത്തിന് എത്തിയിരിക്കുന്നത്.