ന്യൂഡൽഹി : ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നിന്നും മുക്തമാക്കാൻ വിഎച്ച്പി രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദേ. ക്ഷേത്ര വരുമാനം സർക്കാർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുത്, വിശ്വാസികളായ ഹിന്ദുകളെ മാത്രം ക്ഷേത്രങ്ങളിൽ ജോലിക്ക് നിയമിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് വിഎച്ച്പി പ്രചാരണം നടത്തുന്നത്. ജനുവരി അഞ്ചിന് വിജയവാഡയിൽ വച്ചാണ് പ്രചാരണ പരിപാടി ആരംഭിക്കുന്നത്.
അതേസമയം പാലക്കാട് ക്രിസ്മസ് കരോൾ ആഘോഷത്തിനെതിരേ നടന്ന അക്രമം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. സംഭവത്തിൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നുമായിരുന്നു മിലിന്ദ് പരാന്ദേയുടെ മറുപടി. ക്ഷേത്ര സ്വത്തുക്കളുടെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കണം, ഇതര മതസ്ഥരെ സർവിസിൽ നിന്ന് പിരിച്ചുവിടുക, രാഷ്ട്രീയ നേതാക്കൾ ക്ഷേത്ര ട്രസ്റ്റികളാകരുത് തുടങ്ങിയ ആവശ്യങ്ങളാണ് വിഎച്ച്പി മുന്നോട്ട് വയ്ക്കുന്നത്.