പ്രതീകാത്മക ചിത്രം (Photo - Shutterstock / Infinity Time)
കൊച്ചി : മയക്കുമരുന്ന് ഉപയോഗം തടയാന്‍ ലക്ഷ്യമിട്ട് കൊച്ചി നഗരത്തില്‍ അര്‍ധരാത്രിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ലഹരി കടത്തിയവരും ഉപയോഗിച്ചവരും അടക്കം 300 പേരെ പൊലീസ് പിടികൂടി. എംഡിഎംഎയും ഹഷീഷ് ഓയിലും അടക്കമാണ് പിടിച്ചെടുത്തത്. മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 193 പേരും കുടുങ്ങി. മിന്നല്‍ പരിശോധന രാത്രി മുതല്‍ പുലര്‍ച്ചെ വരെ നീണ്ടു.
ലഹരിമരുന്നിന്റെ ഉപയോഗം കൂടുന്നു എന്നും യുവാക്കള്‍ ഇതിന് അടിപ്പെടുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കൊച്ചി നഗരത്തില്‍ സിറ്റി പൊലീസ് പരിശോധന കര്‍ശനമാക്കിയത്. വാരാന്ത്യത്തില്‍ യുവാക്കള്‍ നഗരത്തിന്റെ പല പ്രദേശങ്ങളിലും തമ്പടിക്കുന്നതായും അവിടെ ലഹരിമരുന്ന് വിതരണം നടക്കുന്നതുമായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ മിന്നല്‍ പരിശോധന. ഇന്നലെ രാവിലെ എക്സൈസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഉടനീളം പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിറ്റി പൊലീസ് നഗരത്തില്‍ അര്‍ധരാത്രി മുതല്‍ പരിശോധന ആരംഭിച്ചത്.
ഡിസിപി ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. കൊച്ചി നഗരത്തില്‍ നിന്ന് എളുപ്പം പുറത്തുകടക്കാന്‍ കഴിയുന്ന എല്ലാ വഴികളും അടച്ച് പഴുതടച്ച പരിശോധനയാണ് നടന്നത്. എംഡിഎംഎയും ഹഷീഷ് ഓയിലും പിടികൂടിയതുമായി ബന്ധപ്പെട്ട് 77 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 80 ലധികം പേരാണ് പ്രതികള്‍. മദ്യപിച്ച് വാഹനമോടിച്ചതിന് 193 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇത് പ്രാഥമിക കണക്ക് മാത്രമാണ്.