മലപ്പുറം: കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട് മധ്യവയസ്കന്. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നായിരുന്നു ഇയാളുടെ പരാക്രമം. തീയിട്ടതിനെ തുടര്‍ന്ന് ഓഫീസിലെ ഫയലുകളും കംപ്യൂട്ടറും കത്തിനശിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പടെ സ്ഥലത്തെത്തി. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. കന്നാസില്‍ പെട്രോളുമായി എത്തിയ മുജീബ് റഹ്മാന് ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വീടുവയ്ക്കാനുള്ള അപേക്ഷയുമായി പലതവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയെന്നും എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ലെന്നും ആരോപിച്ചാണ് പെട്രോള്‍ ഒഴിച്ച് ഫയലിന് തീയിട്ടത്.
ഫയലുകള്‍ക്ക് തീപിടിച്ച് പടര്‍ന്നതോടെ മുജീബ് റഹ്മാന്റെ കൈക്കും പൊള്ളലേറ്റു. ജീവനക്കാര്‍ ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും മുജീബ് വഴങ്ങിയില്ല. തീയിട്ടതിന് പിന്നാലെ ശുചിമുറിയില്‍ അക്രമി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.തുടര്‍ന്ന് ഇയാളെ ജിവനക്കാര്‍ കീഴ്പ്പെടുത്തുകയായിരുന്നു.