തിരുവന്തപുരം : വീണ്ടും മുഖ്യമന്ത്രിയോട് പിണങ്ങി മൈക്ക്. എന്നാല്‍ ഇത്തവണ ചിരിച്ചാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തത്. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മൈക്ക് ചതിച്ചത്. താന്‍ ചൊല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്നമേയുള്ളുവെന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ടുപറഞ്ഞപ്പോള്‍ യോഗത്തിലുള്ള മറ്റുള്ളവര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല.
പൊതുമരാമത്തിന്റെ മൈക്കാണെന്ന് എംപി ബെന്നി ബഹന്നാന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മന്ത്രി മുഹമ്മദ് റിയാസും യോഗത്തില്‍ സംബന്ധിച്ചിരുന്നു. വയനാട് ദുരന്തവുമായി സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ അവതരിപ്പിക്കുന്നതിനിടെയാണ് മൈക്ക് പണിമുടക്കിയത്. അതൊന്നും ശ്രദ്ധിക്കാതെ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയെങ്കിലും പിന്നീട് മൈക്ക് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് മുഖ്യന്ത്രി ‘ഞാന്‍ ചൊല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്നമേയുള്ളുവെന്ന്’ ചിരിച്ചുകൊണ്ടു പറഞ്ഞത്. മൈക്ക് ശരിയാക്കിയ ശേഷം യോഗം തുടരുകയും ചെയ്തു.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേന്ദ്രം അധിക സഹായം നിഷേധിച്ചത് അടക്കമുള്ള കേരളത്തിന്റെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചത്. വയനാട് ദുരന്തത്തില്‍ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി കേരളം അധിക സഹായം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ അനുവദിക്കാത്തതിനെതിരെ ഒരുമിച്ചു മുന്നേറണമെന്ന ആവശ്യം യോഗത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ചു. ഈ മാസം 25ന് ലോക്സഭാ സമ്മേളനം ആരംഭിക്കുന്നത് കണക്കിലെടുത്താണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിയെയും ജോര്‍ജ് കുര്യനെയും യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും ഇരുവരും യോഗത്തിന് എത്തിയില്ല.