കോട്ടയം : ബിരുദ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്.
ഈവര്‍ഷം സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് എംജി സര്‍വകലാശാലയാണ്. ആറാം സെമസ്റ്റര്‍ വിജയശതമാനം 76.70 ആണ്. ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാംപുകളില്‍ ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന കഴിഞ്ഞ ഏഴാംതീയതി അവസാനിച്ചു.
ഒന്‍പതാം തീയതിയാണ് അവസാന സെമസ്റ്റര്‍ വൈവ വോസി പരീക്ഷകള്‍ പൂര്‍ത്തിയായത്.കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവര്‍ത്തനവുമാണ് റെക്കോഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താന്‍ സഹായകമായതെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോജി അലക്സ് പറഞ്ഞു.
2023ല്‍ പരീക്ഷ കഴിഞ്ഞ് പതിനാലാം ദിവസവും 2024-ല്‍ പത്താംദിവസവും സര്‍വകലാശാല അവസാനവര്‍ഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. അധ്യാപകരും ജീവനക്കാരും അവധിദിവസങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാണ് ഈ കാലയളവ് വീണ്ടും മെച്ചപ്പെടുത്തിയത്. നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാംസെമസ്റ്റര്‍ പരീക്ഷാഫലം മൂന്നാംദിവസം പ്രസിദ്ധീകരിച്ചിരുന്നു.ആറാംസെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പുനടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഫലമാണ് പ്രസിദ്ധീകരിച്ചതെന്ന് പരീക്ഷാ കണ്ട്രോളര് ഡോ. സി.എം. ശ്രീജിത്ത് അറിയിച്ചു.
മൂല്യനിര്‍ണയം ചിട്ടയോടെ പൂര്‍ത്തീകരിച്ച അധ്യാപകര്‍, ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവര്‍, ഏകോപനച്ചുമതല നിര്‍വഹിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പരീക്ഷാ കണ്ട്രോളര്, ഐ.ടി, പരീക്ഷാ വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവരെ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അഭിനന്ദിച്ചു.പരീക്ഷാഫലം സര്‍വകലാശാലാ വെബ്സൈറ്റില്‍ (www.mgu.ac.in) ലഭിക്കും.
മന്ത്രി ആര് ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :-
അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാല മാതൃക കാട്ടിയിരിക്കുകയാണ്.
ഈ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം അവസാന സെമസ്റ്റര്‍ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സര്‍വ്വകലാശാലയായും എം.ജി മാറിയിരിക്കുന്നു. അഭിമാനകരമായ മികവ്.
ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂര്‍ത്തിയാക്കിയത്. മെയ് ഏഴിന് മൂല്യനിര്‍ണ്ണയം അവസാനിച്ചു. മെയ് ഒമ്പതിന് അവസാന സെമസ്റ്റര്‍ വൈവ വോസി പരീക്ഷകളും പൂര്‍ത്തിയാക്കി. ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ടു മുന്‍പു നടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഫലമാണ് ഇപ്പോള്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവര്‍ത്തനം – റെക്കോര്‍ഡ് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചത് ഇവ രണ്ടുമാണെന്ന് സര്‍വ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അനുകരണീയമായ മാതൃക.
2023ല്‍ പരീക്ഷ കഴിഞ്ഞ് പതിനാലും ദിവസവും 2024ല്‍ പത്താം ദിവസവും സര്‍വ്വകലാശാല അവസാന വര്‍ഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചും എം ജി സര്‍വ്വകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രപരിഷ്കരണ സംരംഭങ്ങളില്‍ തോളോടുതോള്‍ നിന്നിരുന്നു.
മൂല്യനിര്‍ണ്ണയ ജോലികള്‍ ചിട്ടയായി പൂര്‍ത്തിയാക്കിയ അധ്യാപകരെ, ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവരെ, ജീവനക്കാരെ, ഏകോപനച്ചുമതല നിര്‍വഹിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങളെ, സര്‍വ്വകലാശാലാ നേതൃത്വത്തെയാകെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും അനുമോദനങ്ങള്‍ അറിയിക്കട്ടെ.
ഏവര്‍ക്കും സ്നേഹാശ്ലേഷം.