തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും – കെ.എസ്.ആര്.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. സംഭവം പുനരാവിഷ്കരിച്ചതിലൂടെ കെ.എസ്.ആര്.ടി.സി ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്നതിന്റെ തെളിവുകളാണ് ലഭിച്ചത്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രാത്രിയിലെ പൊലീസ് നടപടി.
പട്ടം പ്ലാമൂട് മുതൽ പി.എം.ജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിൻ്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവ നടന്ന രാത്രി സമയത്തായിരുന്നു പരിശോധന. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്കിയ പരാതിയില്‍ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്. രഹസ്യമൊഴി നൽകാനായി മ്യൂസിയം പൊലീസ് മേയർക്ക് നോട്ടീസ് നൽകിയിരുന്നു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.